
ഇന്ത്യയില്‍ നിന്ന് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പാകിസ്ഥാനിലെത്തിയ യുവതി വിവാഹിതയായി. രാജസ്ഥാന് സ്വദേശി അഞ്ജുവാണ് ഇസ്ലാം മതത്തിലേക്ക് മാറിയ ശേഷം കാമുകന് നസ്റുല്ലയെ വിവാഹം കഴിച്ചത് . സോഷ്യല്‍മീഡിയയില്‍ ഇരുവരും ഒരുമിച്ച് നടക്കുന്ന വീഡിയോ വൈറലായി.
യുവതി പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലേക്കാണ് ഇന്ത്യയില്‍ നിന്ന് എത്തിയത്. വിസയും പാസ്പോര്‍ട്ടുമടക്കം നിയമപരമായാണ് ഇവര്‍ പാകിസ്ഥാനിലെത്തിയത്. യുവതി മതപരിവര്‍ത്തനത്തിന് ശേഷം ഫാത്തിമ എന്ന പേരും സ്വീകരിച്ചു. നിക്കാഹ് ചടങ്ങുകള്‍ അപ്പര്‍ ദിറിലെ ജില്ലാ കോടതിയിലാണ് നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹത്തിന് ശേഷം ഇരുവരും 'അഞ്ജു വിത്ത് നസ്റുല്ല' എന്ന പേരില്‍ ഒരു വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.






