
സാധാരണയായി മൃഗശാലകള്‍ സന്ദര്‍ശിക്കുന്ന സന്ദര്‍ശകര്‍ക്കായ് പല നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും അധികൃതര്‍ മുന്നോട്ട് വയ്ക്കാറുണ്ട്. മൃഗങ്ങളെ ചൊടിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ കാണിക്കല്ലെന്നും അവയ്ക്ക് ഭക്ഷണം നല്‍കരുതെന്നുമൊക്കെ അധികൃതര്‍ പറയാറുണ്ട്. കാരണം ഓരോ മൃഗവും ഓരോ സ്വഭാവക്കാരാണ്. ഇങ്ങനെ അവയ്ക്ക് ഭക്ഷണം കൊടുത്താല്‍ അത് അവയുടെ സ്വഭാവത്തെ കാര്യമായി ബധിക്കുമത്രേ. എന്നാല്‍ സന്ദര്‍ശകരില്‍ പലരും ഇതൊന്നുമത്ര മുഖ വിലയ്ക്ക് എടുക്കില്ല. ഇങ്ങനെയുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ.
ബീച്ച് സന്ദര്‍ശിക്കാന്‍ എത്തിയ ആളെ ഒരുകൂട്ടം കടല്‍ക്കാക്കകള്‍ പിന്തുടരുന്ന കാഴ്ചയാണ് വീഡിയോയില്‍ കാണുന്നത്. അതിന് കാരണം മറ്റൊന്നും ആയിരുന്നില്ല. ഇയാളുടെ കയ്യിലുണ്ടായിരുന്ന ചിപ്സിന്റെ പാക്കറ്റ് തന്നെ ആയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചത് ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. വീഡിയോ തുടങ്ങുമ്പോള്‍ തന്നെ ഒരാള്‍ ഓടുന്നതും അയാള്‍ക്ക് പിന്നിലെ അനേകം കടല്‍ക്കാക്കള്‍ പറന്നു ചെല്ലുന്നതുമാണ് കാണാന്‍ സാധിക്കുന്നത്. അയാളുടെ കയ്യില്‍ ചിപ്സിന്റെ ഒരു പാക്കറ്റും ഉണ്ട്. അയാള്‍ വളരെ വേഗത്തിലാണ് ഓടുന്നത്. അതുപോലെ തന്നെ വേഗത്തില്‍ കടല്‍ക്കാക്കകള്‍ അയാളെ പിന്തുടരുകയും ചെയ്യുന്നു. അവസാനം അവയില്‍ നിന്നും രക്ഷപ്പെടാന്‍ മറ്റ് വഴികള്‍ ഇല്ലാത്തതിനാല്‍ തന്നെ ചിപ്സിന്റെ പാക്കറ്റ് അയാള്‍ വലിച്ചെറിയുന്നതാണ് കാണുന്നത്.
ഒടുവില്‍ ചിപ്സ് പാക്കറ്റ് ഉപേക്ഷിച്ചപ്പോള്‍ കടല്‍ക്കാക്കകള്‍ അയാളെ പിന്തുടരുന്നത് നിര്‍ത്തുകയും പാക്കറ്റിന്റെ ചുറ്റും കൂടുകയും ചെയ്തു. fupla പങ്ക് വച്ച വീഡിയോയില്‍ അയാള്‍ക്ക് ജീവന് രക്ഷിക്കാന്‍ വേണ്ടി ചിപ്സ് പാക്കറ്റ് വരെ ഉപേക്ഷിക്കേണ്ടി വന്നു എന്ന് പറയുന്നുണ്ട്. ഏതായാലും വളരെ അധികം പേരാണ് വീഡിയോയ്ക്ക് നിരവധി കമന്റുകളുമായി എത്തിയത്. മിക്കവരും കടല്‍ക്കാക്കകള്‍ക്ക് അത് വിട്ടു കൊടുക്കരുതായിരുന്നു എന്നാണ് കുറിച്ചിരിക്കുന്നത്. താനായിരുന്നു ആ സ്ഥാനത്തെങ്കില്‍ ഒരിക്കലും തന്റെ ഭക്ഷണം ആ കടല്‍ക്കാക്കകള്‍ക്ക് വിട്ടു കൊടുക്കില്ലായിരുന്നു എന്നാണ് ഒരാള്‍ കുറിച്ചത്.






