
ഇലോണ്‍ മസ്കിന്റെ മൈക്രോബ്ലോഗിങ് ആപ്പായ എക്സിന് വെല്ലുവിളിയുയര്‍ത്തി ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക് ടോക്. ട്വിറ്റര്‍ പോലെ ടെക്സ്റ്റ് ഒണ്‍ലി പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാനുള്ള ഫീച്ചറാണ് ടിക് ടോക്ക് അവതരിപ്പിച്ചിരിക്കുന്നത്.
കമ്പനി തിങ്കളാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ടിക് ടോക്ക് ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ വഴി അവരുടെ പോസ്റ്റുകളില്‍ വ്യത്യസ്തമായ കളര്‍ ബാക്ക്ഗ്രൗണ്ടുകളും സ്റ്റിക്കറുകളും നല്‍കാനാകും. കൂടാതെ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നതിനൊപ്പം മറ്റുള്ളവരെ ടാഗ് ചെയ്യാനും കഴിയും. 1000 അക്ഷരങ്ങള്‍ ഉള്ള പോസ്റ്റാണ് ഷെയര്‍ ചെയ്യാനാവുക.
പേര് മാറ്റവും നിലവില്‍ നേരിടുന്ന പ്രതിസന്ധികളും ട്വിറ്ററിന് വെല്ലുവിളി ഉയര്‍ത്തുകയാണ്. സൈറ്റില്‍ നിന്ന് പരസ്യദാതാക്കള്‍ പലരും പിന്‍വാങ്ങിയതോടെ ട്വിറ്റര്‍ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണിപ്പോള്‍. ജൂലൈയില്‍ തങ്ങളുടെ പരസ്യ വരുമാനം 50ശതമാനം കുറഞ്ഞതായി ട്വിറ്റര്‍ അറിയിച്ചിരുന്നു. ഇലോണ്‍ മസ്കും സംഘവും കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ നിന്ന് എക്സിലേക്കുള്ള മാറ്റത്തിന് തുടക്കമിട്ടത്. ട്വിറ്റിന്റെ പേരും ഔദ്യോഗിക ലോഗോയും മാറ്റിയിരുന്നു.
ഇതോടെ ലോകത്തിലെ എറ്റവും പ്രശസ്തമായ ബ്രാന്‍ഡുകളിലൊന്നാണ് ഇല്ലാതായത്. വൈകാതെ മൊബൈല്‍ ആപ്പുകളില്‍ മാറ്റം എത്തുമെന്നാണ് പ്രഖ്യാപനം. വലിയ മാറ്റമാണ് നടപ്പാക്കുന്നതെന്നും ആശയങ്ങളും സേവനങ്ങളും അവസരങ്ങളും ഒത്തുചേരുന്ന ഇടമായി എക്സ് മാറുമെന്നും ട്വിറ്റര്‍ സിഇഒ ലിന്‍ഡ യക്കാറിനോ പ്രതികരിച്ചു.






