
കൊല്ലം: ഹിന്ദുവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നതിനിടെ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പേരില്‍ ഗണപതിക്ക് ശത്രുസംഹാര അര്‍ച്ചന നടത്തി എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ്.
കൊല്ലം ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ അസുരമംഗലം എന്‍.എസ്.എസ്. 2128-ാം നമ്പര്‍ കരയോഗം പ്രസിഡന്റ് അഞ്ചല്‍ ജോബാണ് ഇടമുളയ്ക്കല്‍ മണികണ്ഠേശ്വര മഹാദേവ ക്ഷേത്രത്തില്‍ എ.എന്‍. ഷംസീര്‍, ആയില്യം നക്ഷത്രം എന്ന പേരില്‍ ഗണപതിക്ക് ശത്രുസംഹാര അര്‍ച്ചന നടത്തിയത്.
രാഷ്ട്രീയവും മതവും വെവ്വേറെയാണെന്ന് അഞ്ചല്‍ ജോബ് പറഞ്ഞു. മതപരമായ കാര്യങ്ങളിലല്ല, വിദ്യാഭ്യാസ ഉന്നമനം പോലെയുള്ള നല്ല കാര്യങ്ങളിലാണ് എന്‍.എസ്.എസ്. ഇടപെടേണ്ടതെന്നും അതിനാലാണ് ഷംസീറിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വീടു പോലുമില്ലാത്ത പാവങ്ങള്‍ നായര്‍ സമുദായത്തിലുണ്ട്. ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞു ജോലിയില്ലാതെ നില്‍ക്കുന്നവരാണ് അധികവും.
അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ എന്‍.എസ്.എസ്. നേതൃത്വം തയാറാവുന്നില്ല. സ്വന്തം സമുദായത്തിലെ പാവങ്ങളെ സഹായിക്കാന്‍ നേതൃത്വം തയാറാകണം. രാഷ്ട്രീയപരമായി എന്‍.എസ്.എസിനെ നയിക്കുന്നതില്‍ അതൃപ്തിയുണ്ട്. സമുദായവും രാഷ്ട്രീയവും വേറെയാണ്. സമുദായത്തെ രാഷ്ട്രീയവല്‍കരിക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധമുണ്ടെന്നും അഞ്ചല്‍ ജോബ് പറഞ്ഞു.
ഷംസീര്‍ പറഞ്ഞതിലെ തെറ്റ് എന്താണെന്നും അദ്ദേഹം ചോദിച്ചു. ഇവിടെ മറ്റു സമുദായ സംഘടനകളൊന്നും അഭിപ്രായം പറഞ്ഞില്ലെന്നും എന്‍.എസ്.എസിന് മാത്രം എന്തുകൊണ്ടാണ് സി.പി.എമ്മിനോട് അവഗണനയെന്നും അദ്ദേഹം ചോദിച്ചു.






