
സിഡ്നി: ഓസ്ട്രേലിയന്‍ ഓപ്പണ്‍ 2023 സൂപ്പര്‍ 500 ബാഡ്മിന്റണില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് ക്വാര്‍ട്ടറില്‍. അതേസമയം സിംഗിള്‍സില്‍ ഇന്ത്യയുടെ കിരണ്‍ ജോര്‍ജ്, വനിതാ ഡബിള്‍സ് ജോഡിയായ ട്രീസ ജോളി, ഗായത്രി ഗോപിചന്ദ് എന്നിവര്‍ രണ്ടാം റൗണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട് പുറത്തായി.
നേരത്തെ സിംഗിള്‍സ് മത്സരത്തില്‍ ഇന്ത്യയുടെ പി വി സിന്ധു, എച്ച് എസ് പ്രണോയ് കിംഡംബി ശ്രീകാന്ത്, പ്രിയാന്‍ഷു രജാവത് എന്നിവര്‍ ക്വാര്‍ട്ടറിലെത്തുകയും മിഥുന് മഞ്ജുനാഥ് പുറത്താവുകയും ചെയ്തിരുന്നു.
പുരുഷ സിംഗിള്‍സ് വിഭാഗത്തില്‍ ചൈനീസ് തായ്പേയ് താരമായ ചി യു ജെനിനെ വീഴ്ത്തിയാണ് മലയാളി താരമായ എച്ച്എസ് പ്രണോയ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത് തിരിച്ചുവന്ന ശേഷമാണ് പ്രണോയ് വിജയിച്ചത്. സ്കോര്‍: 19-21, 21-19, 21-18.
വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം ജപ്പാന്റെ വകാന നഗഹാര-മയൂ മാറ്റ്സുമോട്ടോ സഖ്യത്തോട് പരാജയം വഴങ്ങി. 10-21, 20-22 എന്ന സ്കോറിനാണ് ഇന്ത്യന്‍ സഖ്യം തോറ്റത്.
പുരുഷ സിംഗിള്‍സില്‍ ഇന്തോനേഷ്യന്‍ താരമായ അന്തോണി ജിന്ടിംഗിനോട് പരാജയപ്പെട്ടാണ് ഇന്ത്യയുടെ കിരണ്‍ ജോര്‍ജ് പുറത്തായത്. സ്കോര്‍: 15-21, 18-21. നാളെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കിരണ്‍ ജോര്‍ജിനെ തോല്‍പ്പിച്ചെത്തുന്ന ജിന്ടിംഗ് ഇന്ത്യയുടെ എച്ച് എസ് പ്രണോയിയെ നേരിടും.



