
ഇന്‍സ്റ്റഗ്രാം ട്രെന്‍ഡ് ലിസ്റ്റില്‍ മുന്‍പന്തിയിലാണ് ഡാന്‍സ് ചലഞ്ചുകള്‍. കുഞ്ഞുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഈ ചലഞ്ചില്‍ പങ്കെടുക്കാറുണ്ട്. ഹിറ്റാകുന്ന ഏത് ഗാനത്തിലൂടെയും ആളുകള്‍ ചുവടുവയ്ക്കുന്ന നിരവധി വീഡിയോകളാണ് ദിവസവും വൈറലായിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ കുറച്ചു നാളായി സമൂഹ മാധ്യമങ്ങളില്‍ ഹിറ്റുകള്‍ സൃഷ്ടിക്കുകയാണ് രജനീകാന്തിന്റെ ജയിലര്‍ എന്ന ഏറ്റവും പുതിയ സിനിമയിലെ കാവാലയ്യ എന്ന ഗാനം. ഇറങ്ങിയപ്പോള്‍ മുതല്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച സിനിമാ പാട്ടാണ് ഇത്. തമന്നയുടെ ചടുലമായ നൃത്തവും പാട്ടിന്റെ വേഗവും കാരണം പാട്ട് പെട്ടെന്ന് തന്നെ ഹിറ്റായി. പാട്ട് ഹിറ്റായതിന് പിന്നാലെ യൂട്യൂബ് ഷോട്സ്ലും ഇന്‍സ്റ്റാഗ്രാം റീല്‍സുകളിലും ഈ പാട്ടിനൊപ്പം ചുവട് വയ്ക്കുന്ന നിരവധി വീഡിയോകളാണ് പുറത്തിറങ്ങിയത്.
സെലിബ്രിറ്റികളടക്കം ചുവടുവച്ച് റീല്‍സുകള്‍ ഷെയര്‍ ചെയ്തെങ്കിലും ഇപ്പോള്‍ കാണികളുടെ മനം കവര്‍ന്നിരിക്കുന്നത് ഒരു ദേശി അങ്കിളിന്റെ നൃത്തമാണ്. കാവാലയ്യ പാട്ടില്‍ ഏറ്റവും അവസാനം സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായതും 'ദേശി അങ്കില്' എന്നറിയപ്പെടുന്ന രാജേഷ് ശിവരാമകൃഷ്ണന് എന്നയാള്‍ ചുവട് വച്ച വീഡിയോയാണ്. പശ്ചാത്തലത്തില്‍ ഉയരുന്ന പാട്ടിനൊപ്പം നൃത്തം ചെയ്യാനായി ആവേശത്തോടെ പുറകോട്ട് നീങ്ങാനായി വെമ്പുന്ന നര്‍ത്തകനില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. രാജേഷ് തന്റെ പാന്റിന്റെ രണ്ട് വശങ്ങളും വെട്ടി മാറ്റി പാന്റ് ഒരു പലാസോയാക്കി മാറ്റി. ഒപ്പം ലുങ്കി പോലുള്ള നീണ്ട തുണി കഴുത്തിലൂടെ ചുറ്റി നെഞ്ചിലുടെ നടുവിന് പുറകിലേക്ക് ഇട്ട് ഒരു ബ്ലൗസിന്റെ രൂപത്തിലാക്കി. ഇത് രണ്ടുമാണ് അദ്ദേഹത്തിന്റെ വസ്ത്രം.
നിരവധി ആളുകള്‍ താമസിക്കുന്ന ഒരു റൂമിന്റെ മധ്യഭാഗത്ത് നിന്നാണ് അദ്ദേഹം നൃത്തം ചവിട്ടുന്നത്. പശ്ചാത്തലമാക്കി മാറ്റിയ മുറി, ഗള്‍ഫില്‍ പ്രവാസികള്‍ താമിസിക്കുന്ന മുറിക്ക് സമാനമാണ്. നൃത്തത്തിന്റെ ആവേശം ലവലേശം ചോരാതെയാണ് രാജേഷ് തന്റെ ആവേശകരമായ ചുവടുകള്‍ വച്ചത്. 17 ലക്ഷത്തിലേറെ പേരാണ് വീഡിയോ ഇതുവരെ കണ്ടത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര് കമന്റുമായെത്തി. 'സൂപ്പര്‍ സാര്‍, ശരിക്കും നിങ്ങളുടെ നൃത്തമാണ് അടുത്ത ലെവല്‍' എന്നായിരുന്നു ഒരു കാഴ്ചക്കാരന് എഴുതിയത്. 'ഞാന്‍ എന്താണ് കണ്ടത്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.






