
രണ്ടാഴ്ചയായി കോമയിൽ ആയിരുന്ന സ്കോട്ട്ലൻഡിലെ അയർഷയർ കൗണ്ടി സ്വദേശിയായ മാർക്ക് ഗിബ്സ് കോമയിൽ നിന്നും ഉണർന്നത് താൻ കോടീശ്വരൻ ആണെന്ന വിശ്വാസത്തിൽ. തനിക്ക് 52 ലക്ഷം രൂപ ലഭിച്ചുവെന്നും ശതകോടീശ്വരന്മാരും സെലിബ്രിറ്റികളുമാണ് തന്റെ
കൂട്ടുകാര് എന്നുമാണ് കോമയിൽ നിന്നും ഉണർന്ന മാർക്ക് ഗിബ്സ് കരുതിയത്.
ഗിബ്സിനെ 2023 ഏപ്രിലിൽ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഉടൻ തന്നെ ബന്ധുക്കൾ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ ഗിബ്സിന്റെ കരളിനും വൃക്കകൾക്കും അമിത മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും മൂലം ഗുരുതരമായ തകരാർ സംഭവിച്ചതായി ഡോക്ടർമാർ കണ്ടെത്തി. അധികം വൈകാതെ തന്നെ അയാൾ കോമയിലേക്ക് എത്തുകയായിരുന്നു. രണ്ടാഴ്ചയോളം ഈ അവസ്ഥ തുടർന്നു.
പിന്നീട് ബോധം വീണ്ടെടുത്തപ്പോൾ ഗിബ്സ് ഉണർന്നത് മറ്റൊരു സാങ്കല്പിക ലോകത്തിലേക്കായിരുന്നു. അയാൾ താൻ അതിസമ്പന്നനാണെന്നും വ്യവസായികളും കോടീശ്വരന്മാരും സെലിബ്രിറ്റികളുമൊക്കെയാണ് തെന്റ സുഹൃത്തുക്കളെന്നും വിശ്വസിച്ചു. അവരെ വ്യക്തിപരമായി കാണാനുള്ള അടുത്ത ബന്ധം പോലും തനിക്ക് ഉണ്ടെന്നാണ് ഗിബ്സ് കരുതിയിരുന്നത്. എന്നാൽ, പതിയെ കുടുംബാംഗങ്ങൾ അയാളുടെ മിഥ്യാ ലോകത്തെക്കുറിച്ച് പറഞ്ഞ് ബോധ്യപ്പെടുത്തിയതോടെയാണ് ഗിബ്സ് തന്റെ സാങ്കല്പിക ലോകത്ത് നിന്നും മടങ്ങി വന്നത്. മദ്യവും മയക്കുമരുന്നുമാണ് തന്നെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ടതെന്നും അതുകൊണ്ട് സമാനമായ അനുഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ലഹരികളില് നിന്നും അകലം പാലിക്കണമെന്നും ഗിബ്സ് പറഞ്ഞതായി സ്കോട്ടിഷ് സൺ റിപ്പോർട്ട് ചെയ്യുന്നു.






