കാലിഫോര്‍ണിയ: കുഞ്ഞിന്റെ കരച്ചില് അമ്മയ്ക്ക് അസഹ്യം. കരച്ചില് നിര്‍ത്താതെ വന്നപ്പോള്‍ കുഞ്ഞിനെ മദ്യം കുടിപ്പിച്ച അമ്മ അറസ്റ്റില്‍. കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടിയിലാണ് സംഭവം. ഓണസ്റ്റി ഡി ലാ ടോറി (37) എന്ന യുവതിയാണ് അറസ്റ്റിലായത്. ശനിയാഴ്ച റിയാല്‍ട്ടോയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. 'മദ്യലഹരിയില്‍' ആയിരുന്ന കുഞ്ഞുമായി ആശുപത്രിയില്‍ എത്തിയതോടെ സംഭവം പുറത്തറിഞ്ഞത്.
റിയാല്ട്ടോയിലേക്ക് കാര്‍ ഓടിച്ചുവരുന്നതിനിടെ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു. കരച്ചിലടക്കാന്‍ മറ്റ് മാര്ഗമില്ലതെ വന്നതോടെ മദ്യം നല്‍കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞതായി സാന്‍ ബെര്‍ണാര്‍ഡിനോ പോലീസ് അറിയിച്ചു. ഇവരെ വെസ്റ്റ് വാലി ഡിറ്റെന് സെന്ററില്‍ പ്രവേശിപ്പിച്ചു. 60,000 ഡോളറിന്റെ ബോണ്ടില്‍ ജാമ്യം നല്കി. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകുമെന്നാണ് കരുതുന്നതെന്നും പോലീസ് അറിയിച്ചു.
കുഞ്ഞിന്റെ ആരോഗ്യനില അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ഒഹായോയില്‍ 16 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ അമ്മയേയും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു. 10 ദിവസത്തെ അവധിക്ക് പോയ ക്രിസ്റ്റല്‍ കാന്ഡെലറിയോ (31) ആണ് കുഞ്ഞിനെ വീട്ടില്‍ തനിച്ചാക്കി കടന്നുകളഞ്ഞത്. ഒറ്റപ്പെട്ടു പോയ ജെയ്ലന് എന്ന കുഞ്ഞ് മരണമടയുകയായിരുന്നു.
കുഞ്ഞിനെ വീട്ടില്‍ പൂട്ടിയിട്ടശേഷം പുരെട്ടോ റികോ, ഡിട്രോയിറ്റ് എന്നിവിടങ്ങളിലേക്കാണ് അവര്‍ യാത്ര പോയത്.






