
നെടുങ്കണ്ടം: എണ്ണായിരം മീറ്റര് നൂലുപയോഗിച്ച് മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ ചിത്രം തയാറാക്കി തൂക്കുപാലം സ്വദേശിയായ ടുട്ടുമോന് പുതുപ്പള്ളിയില് ഉമ്മന്ചാണ്ടിയുടെ കല്ലറയില് എത്തി.
വിധിയെ നിറങ്ങള് കൊണ്ട് തോല്പിച്ച നിശ്ചയദാര്ഢ്യത്തിന്റെ ജീവിതമാണ് ട്ടുട്ടുമോന്റെ ഓരോ കലാസൃഷ്ടിയും. വര്ഷങ്ങള്ക്ക് മുമ്പ് പെയിന്റിങ് ജോലിക്കിടെ കെട്ടിടത്തിനു മുകളില്നിന്ന് വീണു പരുക്കേറ്റ ടുട്ടുമോന് രണ്ടു വര്ഷത്തോളം അരയ്ക്ക് താഴോട്ട് തളര്ന്നുകിടപ്പിലായിരുന്നു.
ഇപ്പോള് വാക്കറിന്റെ സഹായത്തോടെ ചെറുതായി നടക്കാന് കഴിയും. വിധിയില് തളരാതെ ചിത്രരചനകൊണ്ട് ജീവിതം കരുപ്പിടിപ്പിക്കുന്ന ഈ യുവാവ് തനിക്ക് ഏറെ പ്രിയപ്പെട്ട നേതാവിന്റെ ചിത്രം വ്യത്യസ്തമായ രീതിയില് നൂലില് തീര്ക്കുകയായിരുന്നു. വിവിധ രീതികളില് ചിത്രങ്ങള് തയാറാക്കിയ ഇദ്ദേഹം ആദ്യമായാണ് നൂലില് ചിത്രം ചെയ്തത്.
കാന്വാസില് മുന്കൂട്ടി രൂപരേഖ തയാറാക്കാതെ കൃത്യമായ അകലത്തില് ആണി തറച്ച് അവയില് നൂല് ബന്ധിച്ചാണ് ചിത്രം ഒരുക്കിയത്. 244 ആണികളും 6,000 മീറ്റര് നൂലും ചിത്രത്തിന്റെ നിര്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ആണികള് തമ്മില് ബന്ധിപ്പിച്ചു 4,500ലധികം ചുറ്റുകള് കൊണ്ടാണ് ഈ ചിത്രം പൂര്ത്തിയാക്കിയത്.
സുഹൃത്തുക്കളുടെയും മാതാപിതാക്കളുടെയും സഹായത്തോടെ ആറ് ദിവസം കൊണ്ട് പൂര്ത്തിയാക്കിയ ചിത്രം ഇന്നലെ പുതുപ്പള്ളി സെന്റ് ജോര്ജ് പള്ളിയില് ഉമ്മന്ചാണ്ടിയുടെ കല്ലറയില് മാതാപിതാക്കളുടെ കൂടെയെത്തി സമര്പ്പിച്ചു. ഈ സമയം അവിടെയുണ്ടായിരുന്ന ചാണ്ടി ഉമ്മന് ട്ടുട്ടുമോനില്നിന്നും ചിത്രം ഏറ്റുവാങ്ങി. െവെവിധ്യമാര്ന്ന ചിത്രരചനാ രീതികളിലൂടെ മുമ്പും ഈ കലാകാരന് ശ്രദ്ധ നേടിയിട്ടുണ്ട്.
സ്ക്രൂകുകള്കൊണ്ട് സുരേഷ് ഗോപിയുടെയും തീപ്പെട്ടിക്കൊള്ളികൊണ്ട് എം.എ. യൂസഫലിയുടെയും ചിത്രങ്ങള് നിര്മിച്ച ടുട്ടുമോന്റെ വീട്ടില് ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങളാണുള്ളത്.







Comments