
ബോളിവുഡിന്റെ റാണിയായി ഒരു കാലത്ത് വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു റാണി മുഖര്‍ജി. ആദിത്യ ചോപ്രയുമായുള്ള വിവാഹവും പിന്നീട് ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമായ ശേഷം സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള താരമെടുത്തിരുന്നു. എന്നാലതിനു ശേഷം വലിയൊരു തിരിച്ചു വരവും താരം നടത്തി. സിനിമയില്‍ നിറസാന്നിധ്യമായി റാണി മുഖര്‍ജി ഇപ്പോഴുമുണ്ട്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ മാത്രമാണ് റാണി മുഖര്‍ജി ഇന്ന് ചെയ്യുന്നത്. മിസിസ്റ്റ് ചാറ്റര്‍ജി വെര്‍സസ് നോര്‍വെയാണ് ഒടുവില്‍ പുറത്തിറങ്ങിയ റാണിയുടെ സിനിമ. ഇപ്പോഴിതാ രണ്ടാമത് ഗര്‍ഭിണിയായിട്ടും കുഞ്ഞിനെ നഷ്ടപ്പെട്ടതിനെക്കുറിച്ച് ആദ്യമായി സംസാരിച്ചിരിക്കുകയാണ് റാണി. മെല്‍ബോണിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുന്നതിനിടയിലാണ് ഗര്‍ഭിണിയായി അഞ്ചാം മാസത്തില്‍ ഗര്‍ഭം അലസിപ്പോയെന്ന് റാണി മുഖര്‍ജി തുറന്ന് പറഞ്ഞത്.
‘‘ആദ്യമായിട്ടാണ് ഞാനിത്തരമൊരു വെളിപ്പെടുത്തല്‍ നടത്തുന്നത്. ഇന്നത്തെ ലോകത്തില്‍ നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും ചര്‍ച്ചയാകുന്നു. സ്വന്തം സിനിമയിലേക്ക് കൂടുതല്‍ ജനശ്രദ്ധ വരാനുള്ള അജണ്ടയായി ഇത് മാറുന്നു. പക്ഷെ എന്റെ സിനിമയുടെ പ്രൊമോഷൻ സമയത്ത് ഞാനിതേക്കുറിച്ച് സംസാരിച്ചില്ല. കൊവിഡ് വ്യാപനം നടന്ന 2020 ല്‍ ഞാൻ ഗര്‍ഭിണിയായി. എന്നാല്‍ അഞ്ച് മാസത്തിനുള്ളില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടു.
ഈ സമയത്താണ് തനിക്ക് മിസിസ് ചാറ്റര്‍ജി വെര്‍സസ് നോര്‍വെ എന്ന സിനിമയുടെ ഓഫര്‍ വരുന്നത്. കുഞ്ഞിനെ നഷ്ടപ്പെടുന്ന അമ്മയുടെ കഥ പറയുന്ന സിനിമ വളരെ പെട്ടെന്ന് കണക്ട് ആയി...’’ റാണി പറയുന്നു. അടുത്തിടെ നല്കിയ മറ്റൊരു അഭിമുഖത്തില്‍ രണ്ടാമതും അമ്മയാകാനുള്ള സമയം തനിക്ക് കഴിഞ്ഞ് പോയെന്ന് 45 കാരിയായ റാണി വ്യക്തമാക്കിയിരുന്നു.
നടി കജോളിന്റെ കസിൻ ആണ് റാണി മുഖര്‍ജി. കജോളിന്റെ വിജയം കണ്ടാണ് റാണി മുഖര്‍ജിയും സിനിമാ രംഗത്തേക്ക് കടന്ന് വന്നത്. ബംഗാളി ചിത്രം ബിയെര്‍ ഫൂലിലൂടെയാണ് തുടക്കം. രാജാ കി ആയേഗി ബരാത് എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമാ രംഗത്തേക്കും റാണിയെത്തി. ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് ഫിലിം മേക്കര്‍ ആദിത്യ ചോപ്ര റാണി മുഖര്‍ജിയെ വിവാഹം ചെയ്തത്. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകള്‍ വന്നപ്പോഴെല്ലാം റാണി ഇത് സത്യമല്ലെന്നാണ് ആവര്‍ത്തിച്ചത്. എന്നാല്‍ വിവാഹത്തോടെ ഗോസിപ്പുകള്‍ സത്യമാണെന്ന് വ്യക്തമായി. 2014 ലാണ് റാണി മുഖര്‍ജി വിവാഹിതയായത്. തൊട്ടടുത്ത വര്‍ഷം ഇവര്‍ക്ക് കുഞ്ഞുണ്ടായി. അധീര എന്നാണ് റാണിയുടെ മകളുടെ പേര്. മകളെ ലൈം ലൈറ്റില്‍ നിന്ന് മാറ്റി നിര്‍ത്താൻ റാണി മുഖര്‍ജി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. സിനിമയ്ക്കൊപ്പം കുടുംബ ജീവിതത്തിനും റാണി ഇന്ന് വലിയ പ്രാധാന്യം നല്കുന്നു. മര്‍ദാനി ഉള്‍പ്പെടെയുള്ള സിനിമകളിലൂടെ തിരിച്ചു വരവില്‍ താരം ശ്രദ്ധ നേടിയതാണ്.






