
തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഏറ്റവും പുതിയ സിനിമയായ ‘ജയിലര്‍’ തിയേറ്ററില്‍ തരംഗം സൃഷ്ടിക്കുകയാണ്. നെല്‍സണ്‍ ദിലീപ് കുമാറിന്റെ തിരിച്ചുവരവ് അറിയിച്ച ഈ ചിത്രം തിയേറ്ററുകള്‍ ഇളക്കിമറിച്ച് കുതിപ്പ് തുടരുകയാണ്. സിനിമ തിയേറ്ററില്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ ദളപതി രജനി നാട്ടിലെങ്ങുമില്ല. രജനീകാന്തിന്റെ ഹിമാലയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം നദീതീരത്ത് നില്ക്കുന്ന രജനിയുടെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. നേരത്തെ ഡെറാഡൂണ്‍ എയര്‍പോട്ടില്‍ രജനീകാന്ത് വന്നിറങ്ങുന്ന വീഡിയോ ഇതിനു മുമ്പ് വന്നിരുന്നു. ബുധനാഴ്ച രാവിലെയാണ് താരം ഹിമാലയത്തിലേയ്ക്ക് പുറപ്പെട്ടത്. മിക്കവാറും തന്റെ സിനിമകളുടെ റിലീസിന് മുൻപായി താരം ഹിമാലയം സന്ദര്‍ശിക്കാറുണ്ട്. സമീപകാലത്ത് കൊവിഡ് മൂലവും ആരോഗ്യപ്രശ്നങ്ങള്‍ കാരണവും ഈ യാത്ര മുടങ്ങിയിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് സിനിമാ റിലീസിനോടനുബന്ധിച്ച് രജനി ഹിമാലയത്തിലേയ്ക്ക് യാത്ര പോയിരിക്കുന്നത്.
രജനി ഫോര്‍മുലയില്‍ എത്തിയ ചിത്രത്തില്‍ മോഹൻലാലും വിനായകനും ശിവരാജ് കുമാറും ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്ന ഈ സിനിമ ആദ്യദിനം ലോകമൊട്ടാകെ വാരിക്കൂട്ടിയത് 95 കോടി രൂപയാണ്. മുത്തുവേല്‍ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനി നിറഞ്ഞാടുന്ന ചിത്രം സംവിധായകൻ നെല്‍സന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ്. തമന്നയാണ് ജയിലറിലെ നായിക. രമ്യാകൃഷ്ണൻ, ജാക്കി ഷ്റോഫ്, യോഗി ബാബു, സുനില്‍ തുടങ്ങി വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലെ ശ്രീഗോകുലം മൂവീസാണ് കേരളത്തില്‍ ജയിലറിന്റെ വിതരണം.






