
നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തുന്ന 'ജയിലര്‍' ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹന്‍ലാല്‍ അതിഥി താരമായി എത്തുന്നു.
പ്രേക്ഷക പ്രതികരണം പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മോഹന്‍ലാലിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ജയിലറിനൊപ്പം മോഹന്‍ലാലിന്റെ പേര് തരംഗമാവുകയാണ്. മാത്യു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ എൻട്രിക്ക് തിയേറ്ററുകളിൽ ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. ആർപ്പുവിളികളോടുകൂടിയാണ് ആരാധകർ മോഹൻലാലിനെ വരവേറ്റത്.
ഇപ്പോഴിതാ മോഹൻലാലിന്റെ കഥാപത്രത്തെപ്പറ്റിയും സിനിമയെക്കുറിച്ചും പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ. ‘ജയിലർ’ സിനിമയിലെ മോഹൻലാലിന്റെ ചിത്രം പങ്കുവച്ചായിരുന്നു അൽഫോൻസിന്റെ പ്രതികരണം.
‘‘ഏതാണ്ട് ഈയൊരു ഫീല്‍ കൊണ്ടുവരാന്‍ പറ്റുമെന്നാണ് തോന്നുന്നത് ലാലേട്ടാ’’, എന്ന അടിക്കുറിപ്പോടെയാണ് അല്‍ഫോൻസ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. രസകരമായ പ്രതികരണങ്ങളാണ് പോസ്റ്റിനു ലഭിക്കുന്നത്. ‘ബീസ്റ്റി’ലൂടെ കരിയർ ഗ്രാഫ് കൂപ്പുകുത്തിയ നെൽസൺ ‘ജയിലറി’ലൂടെ ഉയർത്തെഴുന്നേറ്റെന്നും ‘ഗോൾഡി’ന്റെ ക്ഷീണം മാറ്റാൻ അൽഫോൻസ് ഇതുപോലൊരു മാസ് പടം ചെയ്യണമെന്നുമാണ് പ്രേക്ഷകരുടെ കമന്റുകൾ സൂചിപ്പിക്കുന്നത്.
‘പ്രേമം’ സിനിമയ്ക്കു ശേഷം സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നതായി അല്‍ഫോന്‍സ് പുത്രന് തുറന്നു പറഞ്ഞിരുന്നു. ദളപതി വിജയ്യോടും അൽഫോൻസ് ഒരു കഥ പറഞ്ഞിരുന്നു. വിജയ്യുടെ മകൻ സഞ്ജയ്യ്ക്കു വേണ്ടിയാണ് അൽഫോൻസ് കഥ പറയാൻ എത്തിയത്. എന്നാൽ രണ്ട് വർഷത്തേക്ക് അഭിനയത്തിേലക്കില്ലെന്നായിരുന്നു സഞ്ജയ്യുടെ മറുപടി.






