
നിർമ്മാതാവായി തുടങ്ങി അഭിനയത്തിൽ തന്റെതായ ഒരു ഇടം നേടിയ താരമാണ് ദിനേശ് പണിക്കർ. അഭിനയത്തിന് പുറമെ നിര്‍മാണത്തിലും അദ്ദേഹം കൈവച്ച ദിനേശ് പണിക്കർക്ക് അപ്രതീക്ഷിതമായി കൈ പൊള്ളി. അതില്‍ നിന്നും കരകയറിയതിനെക്കുറിച്ചു യുട്യൂബ് ചാനലിലൂടെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ തെന്നിന്ത്യൻ സൂപ്പര്‍ താരം ചിയാൻ വിക്രവുമായുള്ള സൗഹൃദത്തെ കുറിച്ച് ദിനേശ് പണിക്കര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. വര്‍ഷങ്ങള്‍ക്ക് മുൻപു വിക്രം ഒരു ലക്ഷം രൂപ ചോദിച്ചിട്ട് കൊടുക്കാൻ പറ്റാത്ത സങ്കടം തനിക്ക് ഇപ്പോഴുമുണ്ട് എന്നാണ് ദിനേശ് പണിക്കര്‍ പറയുന്നത്.
"തുടക്കം മുതല്‍ ഇന്ന് വരെയും നല്ലൊരു സൗഹൃദം സൂക്ഷിക്കുന്ന ഒരാളാണ് നടൻ വിക്രം. രജപുത്രൻ എന്ന സിനിമയില്‍ വിക്രം അഭിനയിച്ചിരുന്നു. അമ്പത് ദിവസത്തോളം വിക്രം ആ സിനിമയുടെ ഭാഗമായിരുന്നു. അത്രത്തോളം സ്നേഹമുള്ള ഒരാളാണ്.
എവിടെ വെച്ച് കണ്ടാലും ആ സ്നേഹം കാണിക്കുകയും ചെയ്യും. അതേസമയം എനിക്ക് വിക്രത്തിന്റെ കാര്യത്തില്‍ ഒരു റിഗ്രറ്റുണ്ട്. ഉദയപുരം സുല്‍ത്താനിലെ പാട്ടിന്റെ ഷൂട്ടിങ് ചെന്നൈയില്‍ നടക്കുന്ന സമയമാണ്. ഒരു ദിവസം എന്നെ കാണാൻ വിക്രം അവിടെ വന്നു. അന്ന് എനിക്ക് ഡിസ്ട്രിബ്യൂഷൻ ഉള്ള സമയമാണ്. ഉദയപുരം സുല്‍ത്താന്റെ ഡിസ്ട്രിബ്യൂഷനും ഞാൻ തന്നെയായിരുന്നു. വിക്രം വന്ന് എന്നോട് അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ ഡിസ്ട്രിബ്യൂഷൻ ഒരു ലക്ഷം രൂപയ്ക്ക് എടുക്കാമോയെന്ന് ചോദിച്ചു. എടുക്കാമോയെന്ന് കുറേ തവണ അദ്ദേഹം എന്നോട് ചോദിച്ചു. പക്ഷെ എനിക്ക് അത് എടുക്കാൻ നിവര്‍ത്തിയുണ്ടായിരുന്നില്ല. കാരണം ഞാൻ കടത്തിന്മേല് കടം കയറി നില്ക്കുന്ന സമയമായിരുന്നു. ഒപ്പിച്ച് കൂട്ടിയാണ് ഉദയപുരം സുല്‍ത്താൻ എടുത്തുകൊണ്ടിരിക്കുന്നത്. അതിനിടയില്‍ ഒരു ലക്ഷം മറിക്കാൻ എന്റെ കയ്യില്‍ ഇല്ലായിരുന്നു. വിക്രം നിരന്തരമായി നിര്‍ബന്ധിച്ചപ്പോള്‍ ഞാൻ അദ്ദേഹത്തെ കെട്ടിപിടിച്ച് എന്റെ കയ്യില്‍ കാശില്ലെന്നത് പറഞ്ഞു. അതുകേട്ട് പിന്നെ നിര്‍ബന്ധിക്കാതെ വിക്രം പോയി. അന്ന് വിക്രം ഡിസ്ട്രിബ്യൂഷൻ എടുക്കാമോയെന്ന് ചോദിച്ച സിനിമ സേതുവായിരുന്നു. ആ ഒരു സിനിമയോടെയാണ് വിക്രത്തിന്റെ കരിയര്‍ മാറിയത്. പിന്നീട് ഞാൻ ആലോചിച്ചിരുന്നു. ആ ഒരു ലക്ഷം കടം മേടിച്ച് സേതുവിന്റെ ഡിസ്ട്രിബ്യൂഷൻ എടുത്തിരുന്നെങ്കില്‍ വിക്രവുമായുള്ള സൗഹൃദം കുറച്ച് കൂടി സ്ട്രോങാകുമായിരുന്നുവെന്ന്. വിക്രത്തെ വെച്ചൊരു സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ നമ്മുടെ കയ്യില്‍ ഒതുങ്ങില്ല... " വിക്രവുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ച് ദിനേശ് പണിക്കര്‍ പറഞ്ഞു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര് ആരാധിക്കുന്ന തമിഴ് നടനാണ് വിക്രം. ധ്രുവം അടക്കമുള്ള സിനിമയിലെ വിക്രത്തിന്റെ പ്രകടനം മലയാളിക്ക് മറക്കാൻ സാധിക്കില്ലല്ലോ. അടുത്ത കാലത്ത് കേരളത്തില്‍ വന്ന് മകൻ ധ്രുവിനൊപ്പം മാസ് കാണിച്ച് ആരാധകരുടെ കയ്യടി നേടിയിരുന്നു വിക്രം. ദിനേശ് പണിക്കർ ആണെങ്കിൽ വളരെ വര്‍ഷങ്ങളായി സിനിമയില്‍ സജീവമാണ് എന്നതുകൊണ്ട് തന്നെ മോഹൻലാല്‍ അടക്കം തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളുടെയും അടുത്ത സുഹൃത്താണ്.






