
വാരണാസി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി 2024 ല്‍ അമേഠിയില്‍ നിന്നും മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ പുതിയ പ്രസിഡന്റായി നിയമിതനായ അജയ് റായി. അമേഠിയിലെ ജനങ്ങള്‍ രാഹുല്‍ ഇവിടെ നിന്നും മത്സരിക്കാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി വാരണാസിയില്‍ നിന്നും മത്സരിക്കുമോ എന്ന ചോദ്യത്തിന് ആഗ്രഹിക്കുന്ന എവിടെ നിന്നു വേണമെങ്കിലും പ്രിയങ്കയ്ക്ക് മത്സരിക്കാമെന്നും വാരണാസിയില്‍ നിന്നും മത്സരിക്കാന്‍ ആഗ്രഹിച്ചാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവസാനശ്വാസം വരെ പിന്തുണയ്ക്കുമെന്നും പറഞ്ഞു.
വെള്ളിയാഴ്ച യുപി കോണ്‍ഗ്രസ് പ്രസിഡന്റായി നിയോഗിക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി വാരണാസിയിലേക്ക് എത്തിയ റായിയ്ക്ക് വന്‍ സ്വീകരണമാണ് വാരണാസിയിലുള്ളവര് നല്‍കിയത്. ലാല്‍ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം ഏറ്റുവാങ്ങുമ്പോഴായിരുന്നു റായിയുടെ പ്രതികരണം.
രാഹുല്‍ അമേഠിയില്‍ നിന്നും മത്സരിക്കുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. തീര്‍ച്ചയായും മത്സരിക്കുമെന്നായിരുന്നു ഇതിന് റായി നല്കിയ മറുപടി. നിലവില്‍ കേരളത്തിലെ വയനാട്ടില്‍ നിന്നുള്ള എംപിയാണ് രാഹുല്‍ഗാന്ധി.






