
പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഗിന്നസ് പക്രു. ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ പ്രിയതാരം മറ്റ് ഭാഷകളിലും സുപരിചിതനാണ്. ഒരു മുഴുനീള ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോര്‍ഡ് ഗിന്നസ് പക്രുവിന്റെ പേരിലുണ്ട്. തമാശ കഥാപാത്രങ്ങളിലൂടെയും സീരിയസ് വേഷങ്ങളിലൂടെയും പ്രേക്ഷകമനസ്സ് കവര്‍ന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പക്രുവിന് വീണ്ടും പെണ്‍കുഞ്ഞ് പിറന്നത്. മൂത്ത മകള്‍ ദീപ്ത കീര്‍ത്തിയ്ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യില്‍ എടുത്ത് നില്ക്കുന്ന ചിത്രം പങ്കുവച്ചാണ് വീണ്ടും കുഞ്ഞ് പിറന്ന സന്തോഷം താരം ആരാധകരെ അറിയിച്ചത്. മകളുടെ പേരിടല്‍ ചടങ്ങിന്റെ വിശേഷങ്ങള്‍ താരം പങ്കിട്ടിരുന്നു. ഇപ്പോഴിതാ മകളുടെ ചോറൂണിന്റെ വീഡിയോയാണ് താരം പങ്കിട്ടിരിക്കുന്നത്. ചോറ്റാനിക്കര ക്ഷേത്രത്തില്‍ വെച്ചാണ് മകളുടെ ചോറൂണ് ഗിന്നസ് പക്രുവും കുടുംബവും നടത്തിയത്. അച്ഛന്റെ മടിയില്‍ ഇരുന്ന് മധുരും നുകരുകയാണ് കുഞ്ഞുമകള്‍ ദ്വിജ കീര്‍ത്തി. പോസ്റ്റ് ശ്രദ്ധനേടിയതോടെ നിരവധി പേര് ആശംസകള്‍ അറിയിച്ച് കമന്റുകളിടുന്നുണ്ട്.
രണ്ടാമതും കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചപ്പോള്‍ മൂത്തമകളെയും ഇളയമകളെയും ചേര്‍ത്ത് ചേച്ചിയമ്മ എന്ന അടിക്കുറിപ്പാണ് താരം നല്‍കിയത്. മകളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലെ വിശേഷങ്ങളും ചിത്രങ്ങളും ഗിന്നസ് പക്രു ആരാധകരുമായി പങ്കിടാറുണ്ട്. വിവാഹം കഴിഞ്ഞ് പതിനേഴ് വര്‍ഷത്തിനു ശേഷമാണ് താരത്തിന് രണ്ടാമത് മകളുണ്ടായത്. മൂത്തമകള്‍ ദീപ്തയും രണ്ടാമത്തെ മകള്‍ ദ്വിജയും തമ്മില്‍ പത്ത് വയസില്‍ അധികം പ്രായവ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ ദ്വിജയ്ക്ക് ചേച്ചിയും അമ്മയുമാണ് ദീപ്ത. നടക്കാൻ തുടങ്ങിയപ്പോള്‍ മുതല്‍ മൂത്ത മകള്‍ ദിപ്ത കീര്‍ത്തി ഗിന്നസ് പക്രുവിനൊപ്പം സ്റ്റേജ് ഷോകള്‍ക്കും പരിപാടികളില്‍ അതിഥിയായും പോകാറുണ്ട്. അച്ഛനും മകളും എന്നതിലുപരി സുഹൃത്തുക്കളെ പോലെയാണ് ഗിന്നസ് പക്രുവും ദീപ്ത കീര്‍ത്തിയും. 1984ല്‍ പ്രദര്‍ശനത്തിനെത്തിയ അമ്ബിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു സിനിമയിലേക്ക് ആദ്യമായി കടന്ന് വരുന്നത്. വിദ്യാഭ്യാസത്തിനുശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിന് ശേഷമാണ് സിനിമയിലെത്തുന്നത്. മമ്മൂട്ടിയാണ് താരത്തെ ഗിന്നസ് പക്രു എന്ന് വിളിച്ച് തുടങ്ങിയത്. അങ്ങനെ ഒരു പേരിടാം എന്ന് വെച്ച് സംഭവിച്ചതല്ല... ഒരു ദൈവ നിയോഗം പോലെ നടന്നതാണ് തന്റെ പേര് എന്നും പക്രു പറഞ്ഞിരുന്നു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കൈയ്യില്‍ കിട്ടിയ സന്തോഷം ലൊക്കേഷനില്‍ ആഘോഷിച്ചു. അന്നാണ് മമ്മൂട്ടി എനിക്ക് ആ പേര് നല്‍കിയത് എന്നാണ് പക്രു പറഞ്ഞിട്ടുള്ളത്.
