
ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് ഓണക്കാലത്ത് 5 കിലോഗ്രാം വീതം സൗജന്യ അരി വിതരണം ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അരി വിതരണം ചെയ്യാനുള്ള അനുമതി നൽകി. അരി കേരള സ്റ്റേറ്റ് സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ കൈവശം സ്റ്റോക്ക് ഉള്ള അരിയിൽ നിന്നാണ് വിതരണം ചെയ്യുക. സ്കൂളുകളിൽ അരി സപ്ളൈകോ തന്നെ നേരിട്ട് എത്തിച്ച് നൽകും. 29.5 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കൾ. സപ്ലൈക്കോയ്ക്ക് ഓഗസ്റ്റ് 24നകം വിതരണം പൂർത്തിയാക്കാനുള്ള നിർദേശമാണ്നൽകിയിരിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.






