
രാജ്യത്തിന് അകത്തും പുറത്തുമായി ഓണ്‍ലൈനായി നിരവധി പെണ്‍കുട്ടികളാണ് പ്രണയ വലയത്തില്‍ വീണുപോകുകയും തട്ടിപ്പിന് ഇരയാകുകയും ചെയ്യുന്നത്. ഇപ്പോള്‍ ഇതിനൊരു ഉദാഹരണമാവുകയാണ് ഒരു പ്രമുഖ നടന്റെ പേരില്‍ നടന്നൊരു തട്ടിപ്പ്. 'സ്ട്രേഞ്ചര്‍ തിംഗ്സ്' എന്ന നെറ്റ്ഫ്ളിക്സ് സീരീസിനെ കുറിച്ച് മിക്കവരും കേട്ടിരിക്കും. ഇതിലൂടെ പ്രശസ്തനായ ഓസ്ട്രേലിയന്‍ നടന് മൊണ്ട്ഗോമെറിയുടെ പേരിലാണ് വമ്പന്‍ തട്ടിപ്പ് നടന്നത്. എത്ര പണം പറ്റിച്ചു എന്നതല്ല, ഈ കേസിലെ പ്രധാന വിഷയം. മറുഭാഗത്ത് വഞ്ചിക്കപ്പെട്ട സ്ത്രീക്കുണ്ടായ നഷ്ടങ്ങളാണ് ഇതില്‍ ഏവരും എടുത്ത് പറയുന്നത്. ചെറിയ രീതിയില്‍ വേഷങ്ങളൊക്കെ ചെയ്യുന്ന നടിയും സംവിധായികയുമായ മെക്-കാലയാണ് ചതിക്കപ്പെട്ടത്.
ഇവരും ഭര്‍ത്താവും തമ്മില്‍ അസ്വാരസ്യങ്ങള്‍ പതിവായിരുന്നുവത്രേ. ഇതിനിടെയാണ് ഒരു സൈറ്റില്‍ വച്ച് മെക്-കാല, മൊണ്ട്ഗോമെറി എന്ന പേരിലെത്തിയ തട്ടിപ്പുകാരനെ പരിചയപ്പെടുന്നത്. ഇരുവരും പതിയെ ഓണ്‍ലൈനായി സംസാരിച്ചുതുടങ്ങി. മാസങ്ങളോളം ഇരുവരും സംസാരിച്ചു. ഇതിനിടെയൊന്നും ഇവര്‍ക്ക് ഇയാളെച്ചൊല്ലി യാതൊരു സംശയവുമുണ്ടായില്ല. നേരത്തെ ആരാധനയുള്ള നടനായതുകൊണ്ട് തന്നെ ഇയാളുമായി ഇവര്‍ എളുപ്പത്തില്‍ പ്രണയത്തിലുമായി. പ്രശസ്തനായത് കൊണ്ട് തങ്ങളുടെ പ്രണയബന്ധം രഹസ്യമായിരിക്കണമെന്ന് ഇയാള്‍ നിര്‍ദേശിച്ചപ്രകാരം ഇവര്‍ ഇക്കാര്യം ആരുമായും പങ്കുവച്ചിരുന്നില്ല.
ഇതിനിടെ ഭര്‍ത്താവുമായി പിരിയാന്‍ ഇയാള്‍ ഇവരോട് ആവശ്യപ്പെട്ടു. ആര്‍ക്കെങ്കിലും ഒരാള്‍ക്കൊപ്പമേ തുടരാനാകൂ എന്ന ഇവരുടെ പ്രതിസന്ധിയില്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ ഇയാള്‍ നിര്‍ദേശിക്കുകയായിരുന്നു. അങ്ങനെ മെക്-കാല വിവാഹമോചിതയുമായി. ഇതിനിടെ പതിയെ ഇയാള്‍ ഇവരോട് പണം ആവശ്യപ്പെട്ടുതുടങ്ങി. നേരത്തെ തന്നെ വിലപിടിപ്പുള്ള പല സമ്മാനങ്ങളും ഇവര്‍ ഇയാള്‍ക്ക് അയച്ചുനല്കിയിരുന്നുവത്രേ. ഇതിന് പുറമെയാണ് പണം ആവശ്യപ്പെട്ട് തുടങ്ങിയത്. ഏതാണ്ട് ഒമ്പത് ലക്ഷത്തിനടുത്ത് രൂപ ഇവര്‍ ഇയാള്‍ക്ക് നല്കി. എന്നാല്‍ മാസങ്ങളായിട്ടും തന്നെയൊന്ന് കാണാന്‍ ഇയാള്‍ കൂട്ടാക്കാതിരുന്നതോടെയാണ് ഇവര്‍ക്ക് സംശയമുണ്ടാകുന്നത്. തുടര്‍ന്നാണ് താന്‍ വഞ്ചിക്കപ്പെട്ടതായി യുവതിക്ക് മനസ്സിലായത്.
യൂട്യൂബ് വീഡിയോയിലൂടെയാണ് മെക്-കാല താന്‍ വഞ്ചിക്കപ്പെട്ടതിന്റെ ഖദന കഥ തുറന്നുപറയുന്നത്. പ്രണയത്തിലാകുമ്പോള്‍ ആളുകള്‍ പലതും ചെയ്യാന്‍ തയ്യാറാകും- നമുക്ക് അബദ്ധമെന്ന് തോന്നുന്നതോ മണ്ടത്തരമെന്ന് തോന്നുന്നതോ ആയ കാര്യങ്ങള്‍ പോലും ചെയ്യും. തനിക്കും അത് സംഭവിച്ചു. ആരോടാണെങ്കിലും വളരെ പോസിറ്റീവായി മാത്രം ഇടപെടുന്ന തന്റെ സ്വഭാവവും, അതുപോലെ തന്നെ ഉപേക്ഷിക്കപ്പെടുമോ എന്ന തന്റെ അരക്ഷിതാവസ്ഥയും ഭയവുമാണ് വഞ്ചകന് ചഷണം ചെയ്തതെന്ന് ഇവര്‍ വീഡിയോയിലൂടെ തന്റെ അനുഭവം വിശദീകരിച്ചുകൊണ്ട് പറഞ്ഞത്. ഇതോടെ ഈ സംഭവം പുറംലോകം അറിയുകയായിരുന്നു.






