
ലോകത്തിലെ അപകടകാരികളായ ജീവികളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ഗോൾഡൻ പോയിസൺ ഡാർട്ട് എന്ന ഒരു ഇത്തിരി കുഞ്ഞൻ തവള . ലോകത്തിലെ ഏറ്റവും വിഷമുള്ള ഈ ജീവിക്ക് വെറും രണ്ടിഞ്ച് മാത്രമേ വലിപ്പമുള്ളു. ഇവയുടെ ശരീരത്തിൽ 10 പേരെ കൊല്ലാൻ ആവശ്യമായ വിഷം അടങ്ങിയിട്ടുണ്ട്.
1973 -ൽ ആദ്യമായി കണ്ടുപിടിച്ച ഗോൾഡൻ പോയിസൺ ഡാർട്ട് തവള ഏറ്റവും വിഷമേറിയ തവളയാണ്. ഇവയുടെ വിഷം മനുഷ്യ ശരീരത്തിലേക്ക് ചർമ്മത്തിലൂടെ നേരിട്ടാണ് സ്രവിക്കുന്നത്. അതിനാല്‍ തന്നെയാണ് ഇവ കൂടുതൽ അപകടകാരികൾ ആകുന്നതും.
ഈ വിഷം മുറിവിലൂടെയോ മറ്റേതെങ്കിലും തരത്തിലോ മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ പിന്നെ ജീവൻ തിരികെ പിടിക്കുക എന്നത്അത്ര എളുപ്പമല്ല. അതിനാൽ ഇവയെ സ്പർശിക്കുന്നത് പോലും അപകടമാണ്. ഹൃദയത്തെയും നാഡീവ്യവസ്ഥയെയും ബാധിക്കുന്ന ഒരു കാർഡിയോ, ന്യൂറോടോക്സിൻ ആണ് ഇതിെന്റ വിഷം. വിഷബാധയേറ്റാൽ തൽക്ഷണം പക്ഷാഘാതം ഉണ്ടാവുകയും പത്തു മിനിറ്റിനുള്ളിൽ മരണം സംഭവിക്കുകയും ചെയ്യും എന്നാണ് വിദഗ്ധർ പറയുന്നത്.
ശരാശരി ആറ് മുതൽ 10 വർഷം വരെ ആയുസ്സുള്ള ഇവയ്ക്ക് നിലവിൽ ആവാസ വ്യവസ്ഥയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത് എന്നാണ് ഗവേഷകർ പറയുന്നത്. ഗോൾഡൻ പോയിസൺ ഡാർട്ട് തവളകളെ തെക്കേ അമേരിക്കയിലെ എംബെറ ചോക്കോ ഗോത്രക്കാരാണ് ഉപയോഗിച്ചിരുന്നത്. ഇവർ തവളകളുടെ വിഷം മൃഗങ്ങളെ വേട്ടയാടുന്നതിനും മറ്റ് മനുഷ്യരിൽ നിന്നുള്ള സംരക്ഷണത്തിനും ഉപയോഗിച്ചിരുന്നു.






