
തിരുവനന്തപുരം: ഹെല്‍മറ്റ് ധരിച്ചില്ലെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ബ്ളോക്ക് സെക്രട്ടറിക്ക് പെറ്റിയടിച്ച സംഭവത്തില്‍ പേട്ട എസ്ഐ അഭിലാഷിനെതിരേ വകുപ്പുതല അന്വേഷണം. എസ്ഐ പെറ്റിയടിച്ച ഡിവൈഎഫ്ഐ ബ്ളോക്ക് സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. ട്രാഫിക്കിന്റെ ചുമതലയില്‍ നിന്നും മാറ്റിയ ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്.
എസ്ഐ സ്റ്റേഷനുള്ളില്‍ വെച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഡി വൈഎഫ്ഐ നേതാവിന് പെറ്റിയടിച്ച പേട്ട സ്റ്റേഷനിലെ രണ്ട് എസ്ഐ മാരേയും ഡ്രൈവറേയും സ്ഥലംമാറ്റുകയും ചെയ്തു. സ്റ്റേഷനില്‍ പ്രതിഷേധം നടത്തിയ 35 കണ്ടാലറിയാവുന്ന ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരേ പോലീസ് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം എസ്ഐയ്ക്കെതിരേയുള്ള നടപടിയി സേനയില്‍ ഒന്നടങ്കം അമര്‍ഷം പുകയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്ഐ ബ്ളോക്ക് സെക്രട്ടറി നിതീഷിനെ വാഹനപരിശോധനയ്ക്ക് ഇടയില്‍ എസ്ഐ അഭിലാഷും സംഘവും തടഞ്ഞത്. വാഹനത്തില്‍ ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ കോടതിയില്‍ അടയ്ക്കാന്‍ പിഴയെഴുതിക്കൊടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ പേട്ട പോലീസ് സ്റ്റേഷനില്‍ എത്തിയതും വാക്കുതര്‍ക്കവും സംഘര്‍ഷവും ലാത്തിവീശലുമെല്ലാം നടന്നതും.
കഴിഞ്ഞ ദിവസം വൈകിട്ട് ഒരു വാതില്‍കോട്ടയില്‍ പോലീസുകാര്‍ വാഹന പരിശോധന നടത്തുന്ന സമയത്താണ് ഹെല്‍മറ്റ് ധരിക്കാതെ എത്തിയ നിതീഷിനെ തടഞ്ഞത്. പെറ്റിയടയ്ക്കാന്‍ പറഞ്ഞപ്പോള്‍ താന്‍ ഡിവൈഎഫ്ഐ ബ്ളോക്ക് സെക്രട്ടറിയാണെന്നും ഒരു അത്യാവശ്യത്തിന് ഇറങ്ങിയതാണെന്നും ഹെല്‍മറ്റ് എടുക്കാന്‍ മറന്നതാണെന്നും പറഞ്ഞത്. പെറ്റിയടയ്ക്കാന്‍ പോലീസ് നിര്‍ബ്ബന്ധം പറഞ്ഞത് പിന്നീട് വാക്കുതര്‍ക്കമാകുകയും പോലീസ് കോടതിയില്‍ അടയ്ക്കാന്‍ പെറ്റിയെഴുതിക്കൊടുത്തിട്ട് പേട്ട സ്റ്റേഷനിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ ഇവിടെ നിന്നുകൊണ്ട് നിതിന്‍ പാര്‍ട്ടിക്കാരെ വിളിച്ചു പറയുകയും സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ എത്തുകയുമായിരുന്നു.
പിന്നീട് പോലീസ് സ്റ്റേഷനില്‍ സിപിഎം പേട്ട ലോക്കല്‍ കമ്മറ്റി സെക്രട്ടറി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരും സ്റ്റേഷനില്‍ എത്തി. പോലീസ് ഉദ്യോഗസ്ഥര്‍ നിതിനെ അസഭ്യം പറഞ്ഞെന്ന് പറഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. സംഘര്‍ഷത്തെ തുടര്‍ന്ന് വലിയതുറയില്‍ നിന്നും കൂടുതല്‍ പോലീസും എത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അസി.കമ്മീഷണര്‍ അനുരൂപ് നേതാക്കളുമായി സംസാരിച്ച് രംഗം ശാന്തമാക്കി.
സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി എംഎല്‍എയും സ്ഥലത്തെത്തി. പോലീസുകാരെ ക്രമസമാധാന പാലന വിഭാഗത്തില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഡിവൈഎഫ്ഐ ക്കാരനെ തല്ലിയിട്ട് ഇവിടെ ജോലി ചെയ്യാമെന്ന് കരുതുന്നുണ്ടോ എന്ന് എംഎല്‍എ പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു. അവന് എവിടെയാണ് താമസിക്കുന്നതെന്ന് നോക്കാനും പറഞ്ഞതായി ആരോപണമുണ്ട്. ബിജെപിക്കാരോട് ഇങ്ങിനെ ചെയ്യുമോ എന്നും പോലീസിനോട് ചോദിച്ചതായിട്ടാണ് വിവരം. ഒത്തുതീര്‍പ്പ ചര്‍ച്ചയ്ക്കിടയിലും പോലീസുമായി വാക്കുതര്‍ക്കവും ഉന്തും തള്ളുമുണ്ടായി.






