
കഴിഞ്ഞ കുറച്ചു നാളുകളായി വിമാനയാത്രയില് അപ്രതീക്ഷിതമായി ഉണ്ടാകുന്ന നിരവധി സംഭവങ്ങളാണ് റിപ്പോര്ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. യന്ത്രത്തകരാര് മൂലം വിമാനം വഴിതിരിച്ച് വിട്ടതും, സഹയാത്രികരോട് യുവാവ് അപമര്യാദയായി പെരുമാറിയതും, എമര്ജന്സി എക്സിറ്റ് തുറന്നുമെല്ലാം കഴിഞ്ഞ ഏതാനും നാളുകള്ക്കുള്ളില് നടന്ന സംഭവങ്ങളാണ്. ഇപ്പോഴിതാ കൗതുകമുണര്ത്തുന്ന മറ്റൊരു സംഭവമാണ് വാര്ത്തകളില് ഇടം നേടുന്നത്.
സാധാരണയായി വിമാനത്തില് അരുമകളായ നായയെയും പൂച്ചയെയും ആളുകള് കൊണ്ടുപോകാറുണ്ട്. എന്നാല് വലിയ മയിലിനെ കൊണ്ടുപോകുന്ന കാഴ്ചയാണ് സോഷ്യല് മീഡിയയുടെ ശ്രദ്ധ ആകര്ഷിച്ചിരിക്കുന്നത്. ഒരു യുവതിയാണ് തന്റെ മയിലുമായി വിമാനത്തില് യാത്രചെയ്യാനെത്തിയത്. നീളന് പീലികളുള്ള നല്ല വലിപ്പമുള്ള സുന്ദരന് മയിലുമായാണ് യുവതി വിമാനത്തിലേക്ക് കയറിയത്. മയിലിനെ ചേര്ത്തുപിടിച്ച് പീലികള് ഒതുക്കിവച്ച് യുവതി സീറ്റില് ഇരുന്നു. തൊട്ടുപിന്നിലുളള സീറ്റുവരെ പീലികള് നീണ്ടുകിടക്കുന്നത് വിഡിയോയില് കാണാം.
പിന്സീറ്റിലുള്ള ഒരാളാണ് വിഡിയോ പകര്ത്തിയിരിക്കുന്നത്. യുവതിയുടെ മടിയിലിരുന്ന മയില് തലപൊക്കി ചുറ്റിലും നോക്കുന്നത് വീഡിയോയില് വ്യക്തമാണ്. നിമിഷ നേരങ്ങള്ക്കുള്ളില് നിരവധി ആളുകളാണ് വീഡിയോ കണ്ടത്. പലരും തങ്ങളുടെ കൗതുകം കമന്റില് കുറിക്കുകയും ചെയ്തു.







Comments