
ആര്‍പ്പുവിളികളും കൈയടികളുമായി ഭാഷയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച്, പ്രേക്ഷകര്‍ ഏറ്റെടുത്ത്, തരംഗമായി മാറിയ സൂപ്പര്‍സ്റ്റാര്‍ രജനി കാന്തിന്റെ സിനിമയില്‍ ഒരു കഥാപാത്രം കിട്ടുക എന്നത് ഏതൊരു അഭിനേത്രിയുടെയും സ്വപ്നമാണ്. ചെറുപ്പം മുതല്‍ ആരാധനയോടെയും ആർപ്പുവിളികളോടെയും കാണുന്ന രജനികാന്തിന്റെ സിനിമയില്‍ ഒരു വേഷം കിട്ടി, ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയില്‍ സിനിമ കണ്ടപ്പോള്‍ താന്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് മറന്നു പോവുക, അങ്ങനെയൊരു സംഭവം നടക്കുമോ ? നടക്കും, രജനി കാന്തിന്റെ ‘ജയിലര്‍’ സിനിമയിലെ മരുമകള്‍ കഥാപാത്രമായി നിറഞ്ഞു നിന്ന മിര്‍ണ മേനോന് തിയേറ്ററില്‍ ഇരുന്ന് സിനിമ കണ്ടപ്പോള്‍ താനതില്‍ അഭിനയിച്ചിട്ടുണ്ടെന്ന് മറന്നു പോയി. എന്നും രജനി ഫാനായിരുന്ന മിര്‍ണ വെള്ളിത്തിരയില്‍ അന്നും കണ്ടത് ‘തലൈവരെ തന്നെ’യാണ്. തന്റെ സ്വപ്നസാക്ഷാത്കാരത്തിന്റെ സന്തോഷത്തില്‍ നില്ക്കുന്ന മിര്‍ണ തെന്നിന്ത്യൻ സിനിമയിലെ ഇഷ്ടതാരമാകുകയാണ്. ഇടുക്കിയില്‍ ജനിച്ച് മലയാളത്തിന്റെ താരരാജാവായ മോഹന്‍ലാലിനൊപ്പം ‘ബിഗ് ബ്രദർ’ എന്ന മോഹൻലാൽ സിനിമയിലൂടെ അഭിനയരംഗത്തേക്കു വന്ന മിർണ മേനോന്റെ കരിയറിലെ ആദ്യ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആവുകയാണ് ജയിലർ. രജനികാന്തിനും രമ്യ കൃഷ്ണനും ഒപ്പം അവരുടെ മരുമകളായി ഗംഭീരപ്രകടനം കാഴ്ച വച്ച മിർണ തമിഴ്, തെലുങ്കു സിനിമകളിലൂടെ തെന്നിന്ത്യയിൽ ചുവടുറപ്പിക്കുകയാണ്. പുതിയ വിശേഷങ്ങളും സിനിമായാത്രയും മംഗളം ഓണ്‍ലൈനിനോട് പങ്കിടുകയാണ് മിര്‍ണ....
ജയിലര്‍ തിയേറ്ററില്‍ തരംഗം സൃഷ്ടിക്കുകയാണ്. ഇത്രയും വലിയൊരു വിജയത്തിന്റെ ഭാഗമാകുമെന്ന് ചിന്തിച്ചിരുന്നോ ?
രജനിസര്‍, രമ്യ കൃഷ്ണന് മാം, സണ്‍ പിക്ചേഴ്സ് കോമ്പിനേഷനില്‍ ഒരുങ്ങുന്ന സിനിമയാണെന്ന് നേരത്തെ അറിയാമായിരുന്നു. പിന്നീടതിലേക്ക് വന്ന എല്ലാ താരങ്ങളും ലാലേട്ടനടക്കം സര്‍പ്രൈസായിരുന്നു. കഥ കേട്ടപ്പോള്‍ വല്ലാത്തൊരു എക്സൈറ്റ്മെന്റ് ഉണ്ടായി. ആ ഇമോഷന് എല്ലാവര്ക്കും കണക്ടാകുമെന്നറിയാമായിരുന്നു. ആരാധകര്‍ ഇതുപോലെയൊരു സിനിമയ്ക്ക് കാത്തിരിക്കുകയായിരുന്നു. രജനി സാറിന്റെ സിനിമയായതു കൊണ്ട് അതൊരു സെലിബ്രേഷനായി മാറുമെന്ന് ഉറപ്പുണ്ടായിരുന്നു. പ്രായഭേദമന്യേ എല്ലാവരും സ്വീകരിക്കുമെന്നും അറിയാമായിരുന്നു. അതിനപ്പുറത്തേക്ക് ഇത്രയും വലിയൊരു വിജയം പ്രതീക്ഷിച്ചില്ല. ഫസ്റ്റ് ഡേ–ഫസ്റ്റ് ഷോ എന്നു പറയുന്ന ഫീലിംഗ് ഞാനേറെ ആസ്വദിച്ച സിനിമ കൂടിയാണിത്. ഇത്തവണത്തെ രജനിപ്പടം എനിക്കും സ്പെഷലാണല്ലോ. അത്രയ്ക്കും എക്സൈറ്റഡായിരുന്നു സിനിമ കാണാന്‍. ജയിലർ ടീമിനൊപ്പമാണ് ഞാൻ ഫസ്റ്റ് ഡേ–ഫസ്റ്റ് ഷോ കണ്ടത്. അതൊരു ഗംഭീര അനുഭവമായിരുന്നു. ആർപ്പുവിളികളും ആഘോഷങ്ങളുമൊക്കെ വേറെ ലെവൽ തന്നെ. ആ ഓളത്തിൽ ഞാൻ ഈ സിനിമയിൽ അഭിനയിച്ച കാര്യം വരെ മറന്നു പോയി. തിയറ്ററിൽ സിനിമ കണ്ടപ്പോൾ ഞാൻ വിസിലടിച്ചു പോയി. പ്രേക്ഷകര്‍ എത്രത്തോളം സിനിമ എന്ജോയ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞത് നേരിട്ട് കണ്ടപ്പോഴാണ്. ഞാന്‍ കൂടെ അതിന്റെ ഭാഗമായതിന്റെ വലിയ സന്തോഷമുണ്ട്.
ഇങ്ങനെയൊരു സിനിമയുടെ ഓഫര്‍ വന്നപ്പോള്‍ അമ്പരപ്പുണ്ടായിരുന്നോ ?
എനിക്കങ്ങനെ അമ്പരപ്പൊന്നും തോന്നിയില്ല. നെല്‍സണ്‍ സാറിനെയും ടീമിനെയും നന്നായിട്ട് അറിയാമായിരുന്നു. 2018 ല്‍ നെല്‍സണ്‍ സാറിനെ പരിചയപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ജെനുവില്‍ കോളാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. സാറാണെങ്കിലും ഞാന്‍ അഭിനയിച്ച സിനിമകളൊക്കെ കണ്ടിട്ടുണ്ട്. വെറുതെ ഒരു സിമ്പിളായ കഥാപാത്രത്തിന് വേണ്ടി വിളിക്കില്ല, എന്തെങ്കിലും സോളിഡായി ഉണ്ടാകുമെന്ന് അറിയാമായിരുന്നു. രജനി സാറിന്റെ സിനിമയാകുമ്പോള്‍ അതിലെ ഓരോ കഥാപാത്രങ്ങള്‍ക്കും പ്രേക്ഷകരുടെ മനസ്സിലേക്ക് രജിസ്റ്റര്‍ ചെയ്യാന്‍ എന്തെങ്കിലും ഉണ്ടാകുമെന്ന് അറിയാമായിരുന്നു. നെല്‍സണ്‍ സാറിന്റെ സിനിമകളില്‍ ഡയലോഗ് പോര്‍ഷന്‍സ് കുറവായിരിക്കും, പക്ഷേ പെര്‍ഫോമന്‍സ് കൂടുതലാണ്. ഇമോഷന്‍സും എക്സ്പ്രഷന്സുമാണ് കൂടുതലുള്ളത്. ആ ഒരു എക്സൈറ്റ്മെന്റില് തന്നെയാണ് ഒക്കെ കേട്ടത്. രജനി സാറിനെ വച്ച് ‘ജയിലർ’ സിനിമ അനൗൺസ് ചെയ്തത് ഞാനും ശ്രദ്ധിച്ചിരുന്നു. ജയിലറിന്റെ ഷൂട്ട് തുടങ്ങാൻ ഏകദേശം രണ്ടാഴ്ച ഉള്ളപ്പോഴാണ് എനിക്ക് നെൽസൺ സാറിന്റെ ഓഫിസിൽ നിന്നും കോൾ വന്നത്. ‘ഒരു സിനിമയുണ്ട്. ചെയ്യാൻ താൽപര്യമുണ്ടോ’ എന്നു ചോദിച്ചായിരുന്നു ആ വിളി. ഞാൻ അടുത്ത ദിവസം അദ്ദേഹത്തെ നേരിൽ പോയി കണ്ടു. അദ്ദേഹം സിനിമയുടെ കഥയും എന്റെ കഥാപാത്രത്തെയും പരിചയപ്പെടുത്തി. അപ്പോഴും ജയിലർ എന്ന സിനിമയുടെ പേരോ രജനി സാറിന്റെ പേരോ അദ്ദേഹം സൂചിപ്പിച്ചില്ല, പകരം ‘ഈ പടം ചെയ്യാൻ താൽപര്യമുണ്ടോ’ എന്ന് ചോദിച്ചു. ഞാന്‍ ഒക്കെ പറഞ്ഞു. എനിക്ക് അറിയാമായിരുന്നു, എന്നോടു പറഞ്ഞ ആ കഥാപാത്രം ജയിലർ എന്ന സിനിമയ്ക്കു വേണ്ടിയാണെന്ന്. ഒടുവിൽ ഞാൻ തന്നെ അദ്ദേഹത്തോടു ചോദിച്ചു, ‘ഇതു ജയിലർ എന്ന സിനിമയ്ക്കു വേണ്ടിയല്ലേ?’ നെൽസൺ സർ ചിരിച്ചിട്ടു പറഞ്ഞു, അതെ. അങ്ങനെയാണ് ഞാൻ ജയിലറിൽ രജനി സാറിന്റെ മരുമകളുടെ വേഷത്തിൽ എത്തിയത്. അതു തന്നെയായിരുന്നു ഒരു അഭിനേത്രി എന്ന നിലയില്‍ എനിക്കു കിട്ടിയ പ്ലസ് പോയിന്റ്.
തലൈവരുമായിട്ടുള്ള ആദ്യ മീറ്റിംഗ് എങ്ങനെയായിരുന്നു ?
ഞാൻ പണ്ടു മുതലെ രജനി സാറിന്റെ ഫാനാണ്. അദ്ദേഹത്തിന്റെ സിനിമകൾ ആദ്യ ദിവസം, ആദ്യ ഷോയ്ക്കു തന്നെ പോകുന്ന ആരാധകരിൽ ഒരാൾ.
അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. അവാര്‍ഡ് ഫംഗ്ഷന് വച്ച് കണ്ടിട്ടുണ്ടെങ്കിലും സംസാരിച്ചിട്ടില്ല. ആദ്യമായി സംസാരിക്കുന്നത് ലൊക്കേഷനില്‍ വച്ചാണ്. എന്റെ ആദ്യ ദിവസത്തെ ഷൂട്ട് രജനി സാറിനൊപ്പമായിരുന്നു. ആദ്യ ഷോട്ടും അദ്ദേഹത്തിനൊപ്പം തന്നെ. മേക്കപ്പ് ചെയ്തു തയാറായി ഞാൻ ഇരുന്നു. ‘ഷോട്ട് റെഡി’ എന്നു പറഞ്ഞ് അൽപം സമയത്തിനുള്ളിൽ രജനി സാറെത്തി. കാണുന്ന സമയത്ത് തലൈവര്‍ എന്നു വിളിക്കണോ, രജനി സാര്‍ എന്ന് വിളിക്കണോ, സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കണോ എന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു. അപ്പോഴാണ് നെൽസൺ സർ എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തിയത്. ഞാൻ തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും നെല്‍സണ്‍ സാര്‍ എന്നെ പരിചയപ്പെടുത്തിയത് മലയാളം ഇൻഡസ്ട്രിയിലെ അഭിനേത്രിയാണ് എന്നു പറഞ്ഞായിരുന്നു. മോഹൻലാൽ സാറിന്റെ ബിഗ് ബ്രദറിലാണ് എന്നു പറഞ്ഞപ്പോൾ അദ്ദേഹം പെട്ടെന്നു തിരിച്ചറിഞ്ഞു. കാരണം, അദ്ദേഹം ആ സിനിമ കണ്ടിട്ടുണ്ട്. ആ സന്തോഷം വളരെ വലുതായിരുന്നു. അദ്ദേഹത്തിന് സിദ്ദീഖ് സാറുമായി നല്ല സൗഹൃദമുണ്ട്. അതുമൊരു അനുഗ്രഹമായി. അങ്ങനെ ഏറെ കാത്തിരുന്ന ഐസ് ബ്രേക്കിംഗ് മൊമന്റ് കഴിഞ്ഞു കിട്ടി. പിന്നീട് അദ്ദേഹം തന്നെ എന്നോട് ‘മാമാ’ എന്ന് വിളിച്ചോളാന്‍ പറഞ്ഞു. അന്നുമുതല്‍ ഏകദേശം ഒന്നര മാസത്തോളമുണ്ടായിരുന്നു ഷൂട്ടിംഗ്. എന്റെ ജീവിതത്തിലെ അമൂല്യ നിമിഷങ്ങളായിരുന്നു അത്.
രജനി എന്ന സൂപ്പര്സ്റ്റാറിലുപരി അദ്ദേഹം എന്ന വ്യക്തിയില്‍ കണ്ട സൂപ്പര്ക്വാളിറ്റീസ് ?
സാറിന്റെ എനര്‍ജി ശരിക്കും ആകര്‍ഷിക്കും. ഷോട്ട് എടുക്കുന്ന സമയത്തും അല്ലാത്തപ്പോഴും വളരെ എനര്‍ജറ്റിക്കാണ് അദ്ദേഹം. ഒരുപാട് സമയം മറ്റുള്ളവര്‍ക്ക് മാറ്റി വയ്ക്കാന്‍ അദ്ദേഹം തയ്യാറാണ്. ഒരു സൂപ്പര്‍സ്റ്റാര്‍ എന്നതിലുപരി ഒരു നല്ല ഹ്യൂമന്‍ ബീയിംഗാണ്. ഒരു സ്റ്റാര്‍ഡം എന്നതിനു മേലെ നമ്മളെ ചേര്‍ത്തു പിടിക്കുന്ന രീതിയാണ് അദ്ദേഹത്തിനെ സൂപ്പര്‍സ്റ്റാറാക്കുന്നത്. ആദ്യത്തെ ദിവസം കണ്ടപ്പോള്‍ തന്നെ ഞങ്ങളൊരു ഫാമിലി പോലെയായി. നല്ല സെല്‍ഫ് കോണ്‍ഫിന്‍സ് ഉള്ളയാളാണ്. സിനിമയ്ക്ക് പുറത്ത് യഥാര്‍ത്ഥ രജിനിയായിട്ടാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. അതില്‍ ഒരു അഭിനയവും പുറംചട്ടയുമില്ല. വളരെ ലാളിത്യവും വിനയവുമുള്ള വ്യക്തിയാണ്. പിന്നെ, അദ്ദേഹം കുറെ കഥകൾ പറയും. സിനിമ തന്നെയാണ് പ്രധാന ചർച്ചാവിഷയം. അതെല്ലാം എനിക്കു വിലമതിക്കാനാവാത്ത ഓർമകളാണ്. അദ്ദേഹത്തെ ഇത്രയടുത്തു ലഭിക്കുമ്പോൾ സ്വാഭാവികമായും കുറെ കാര്യങ്ങൾ ചോദിക്കാൻ തോന്നുമല്ലോ. എനിക്കാണെങ്കിൽ അത്തരത്തിൽ ഒരുപാടു ചോദ്യങ്ങളുണ്ടായിരുന്നു. രസമെന്താണെന്നു വച്ചാൽ അദ്ദേഹത്തോടു ചോദിക്കുന്ന ചോദ്യങ്ങൾക്ക് നമ്മളും ഒരു ഉത്തരം കണ്ടു വയ്ക്കണം. ചോദിക്കുന്ന ചോദ്യങ്ങൾക്ക് രജനി സർ ഉത്തരം പറയും. പക്ഷേ, അടുത്ത നിമിഷം ആ ചോദ്യം അദ്ദേഹം തിരിച്ചും ചോദിക്കും. രജനി സർ സെറ്റിലെത്തിയാൽ ആകെ ലഞ്ച് ബ്രേക്ക് മാത്രമേ എടുത്തു കണ്ടിട്ടുള്ളൂ. അപ്പോൾ മാത്രമേ അദ്ദേഹം കാരവാനിലേക്ക് പോകാറുള്ളൂ. ബാക്കി സമയം മുഴുവൻ അദ്ദേഹം സെറ്റിലുണ്ടാവാറുണ്ട്. ഷൂട്ടിനിടയിലുള്ള ചെറിയ ഇടവേളകൾ അദ്ദേഹം സെറ്റിൽ തന്നെയാണ് ചെലവഴിക്കാറുള്ളത്. ‘കാരവനിൽ പോയി എന്തിന് ഒറ്റയ്ക്ക് ഇരിക്കണം? ഇവിടെ നിറയെ ആളുകളുണ്ടല്ലോ’ എന്നാണ് അദ്ദേഹം പറയുക.
അദ്ദേഹമൊരു ഡയറക്ടര്‍ ആക്ടറാണ്. സംവിധായകനാണ് ഒരു സിനിമയുടെ എല്ലാം എന്ന് വിശ്വസിക്കുന്ന ആള്. അദ്ദേഹത്തിന്റേതായ എന്തെങ്കിലും മാനറിസങ്ങള്‍ കഥാപാത്രത്തിന് കൊടുക്കണമെന്ന് തോന്നിയാല്‍ ‘ഞാനിതു ചെയ്യട്ടെ’ എന്ന് ചോദിക്കും. അതുകൊണ്ട് തന്നെ മറ്റുള്ള താരങ്ങളെ കറക്ട് ചെയ്യാനും വരില്ല. ഒരുമിച്ച് അഭിനയിക്കുമ്പോൾ ചില സീനുകളിൽ കൊടുക്കുന്ന ചില എക്സ്പ്രഷൻസ്, റിയാക്ഷന്‍സ് ഒക്കെ അദ്ദേഹം ശ്രദ്ധിക്കുകയും ഇഷ്ടപ്പെട്ടവ ചൂണ്ടിക്കാട്ടി അഭിനന്ദിക്കുകയും ചെയ്യാറുണ്ട്. സ്പോട്ടിൽ തന്നെ പറയും. ആ ഒരു എന്‍കറേജ്മെന്റ് വളരെ വലുതാണ്. താരജാഡകളൊന്നും അദ്ദേഹത്തിനില്ല. ഇടയ്ക്ക് ഞങ്ങള്‍ സെറ്റില്‍ തമാശയായി പറയാറുണ്ട്, നമ്മളടക്കം പലരും അദ്ദേഹത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്നുണ്ടെന്ന് ഒരുപക്ഷേ അദ്ദേഹത്തിന് അറിയില്ലായിരിക്കും എന്ന്. അത് അറിഞ്ഞാല്‍ തന്നെ കരിയറിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്ന ആളാണ് അദ്ദേഹമെന്നുള്ളത് മറ്റൊരു സത്യം.
മോഹന്‍ലാലിനൊപ്പം ബിഗ്ബ്രദര്‍ ചെയ്തിട്ടുണ്ടെങ്കിലും ഈ സിനിമയില്‍ ജോയിന്‍ ചെയ്തപ്പോള്‍ എന്തു തോന്നി ?
രമ്യ കൃഷ്ണനുമായും കോമ്പോ സീനുകള്‍ ഉണ്ടായിരുന്നല്ലോ ?
ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അതു തന്നെയാണ്. ഇതില്‍ അഭിനയിച്ച ഒട്ടുമിക്ക പ്രശസ്ത താരങ്ങള്‍ക്കൊപ്പവും എനിക്ക് കോമ്പിനേഷന്‍ സീനുകളുണ്ട്. അതൊരു വലിയ ഭാഗ്യം. പിന്നെ രമ്യ മാമിനെക്കുറിച്ച് പറഞ്ഞാല്‍ രജനി സാറും രമ്യ മാമും ഒരുമിച്ചുള്ള ഒരു സിനിമയും ഞാന്‍ കാണാതിരുന്നില്ല. ആ ഒരു കോമ്പോ ആവേശമാണ്. രണ്ടുപേരെയും സെറ്റില്‍ വീണ്ടും കാണുന്നതു തന്നെ എന്തൊരു എനര്‍ജിയാണ്. രമ്യ മാമിന്റെ പടയപ്പ മുതല്‍ ഒരു സിനിമയും മിസ്സ് ചെയ്തിട്ടില്ല. സിനിമയില്‍ എനിക്ക് രജനി സാറും രമ്യ കൃഷ്ണൻ മാഡവുമായിട്ടാണ് കൂടുതൽ കോമ്പിനേഷനുകളുള്ളത്. രമ്യ മാഡത്തിന്റെ എനർജി വേറെ ലെവലാണ്. സെറ്റിൽ എപ്പോഴും ആക്ടീവാണ് മാം. സൗന്ദര്യം, എനര്‍ജി, ടാലന്റ് എല്ലാം ഇപ്പോഴും പഴയതു പോലെ തന്നെ. ഒരു പ്രത്യേക ആകര്‍ഷണീയതയാണ് മാമിന്. കണ്ണെടുക്കാൻ തോന്നില്ല. അസാധ്യമാണ് മാമിന്റെ കണ്ണുകൾ, വളരെ എക്സ്പ്രെസീവാണത്. അഭിനയിച്ചു തുടങ്ങുമ്പോള്‍ ആ കണ്ണുകള്‍ കഥ പറഞ്ഞു തുടങ്ങും. മാമിനോട് അക്കാര്യം ഞാൻ നേരിട്ടു പറയുകയും ചെയ്തിട്ടുണ്ട്. എത്ര നാച്വലറായിട്ടാണ് മാം അഭിനയിക്കുന്നത്. ഒരു ഗിഫ്റ്റഡ് ആര്‍ട്ടിസ്റ്റാണ്. ഡയറക്ടഴേസ് ആക്ടറാണ്. കഥാപാത്രത്തിന്റെ വിജയത്തിനു വേണ്ടി എന്തു കഷ്ടപ്പാടിനും മാം തയ്യാറാണ്. മാമിന്റെ അഭിനയം മാത്രമല്ല മറ്റുള്ളവരോടുള്ള പെരുമാറ്റവും വളരെ ഇന്സ്പൈയറിംഗാണ്.
ജീവിതത്തില്‍ ഏറ്റവും എക്സൈഡറ്റായ മൊമന്റ് ?
ഞാന്‍ ചെയ്ത ബുര്‍ഖ, ബര്ത്ത്മാര്ക്ക് എന്നീ സിനിമകള്‍ ശരിക്കും കണ്ടന്റ് ഓറിയന്റാണ്. അതിന്റെ അപ്പ്ഡേറ്റുകള്‍ വരുമ്പോള്‍ വലിയ സന്തോഷമാണ്. ബുർഖയിൽ 19 വയസ്സുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ബുര്‍ഖ സിനിമയാണെങ്കില്‍ അതിന്റെ കണ്ടന്റ് കാരണം റിലീസ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടി. പക്ഷേ റിലീസായ സമയത്ത് എന്താണോ ആ സിനിമ ചെയ്തപ്പോള്‍ മനസ്സില്‍ ആഗ്രഹിച്ചിരുന്നത്, അത് നൂറു ശതമാനം ആ സിനിമ തിരികെ തന്നു. എല്ലാ മാധ്യമങ്ങളും ആ സിനിമ അക്സ്പെറ്റ് ചെയ്തു. എല്ലാവരും ഐക്യകണ്ഠേന സിനിമ അംഗീകരിച്ചു. ഒരു നെഗറ്റീവ് കമന്റുകളും വരാതെ എല്ലാവരുമത് സ്വീകരിച്ചു എന്നതു തന്നെയാണ് എന്റെ ഏറ്റവും വലിയ സന്തോഷമായത്. ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍ എനിക്ക് ബെസ്റ്റ് ആക്ട്രസ് നോമിനേഷന് വരെ കിട്ടിയ സിനിമയാണത്.
ചെറുപ്പം മുതല്‍ ലാലേട്ടനെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കൈയെത്തും ദൂരത്തുള്ള ലാലേട്ടനെ കാണാനും സംസാരിക്കാനും ഒരുമിച്ച് അഭിനയിക്കാനും അവസരം കിട്ടിയത് മറക്കാനാവാത്ത ഒരു മൊമന്റായിരുന്നു. അതുപോലെ തന്നെയായിരുന്നു രജനി സാറുമായുള്ള മീറ്റിംഗും.
മലയാളത്തില്‍ മിര്‍ണയെ പരിചയപ്പെടുത്തിയത് സംവിധായകന് സിദ്ദിഖാണ്. ആ വേര്പാടിനെക്കുറിച്ചഞ്ഞപ്പോള് ?
എന്നെ പോസിറ്റീവായി വളരെയധികം സ്വാധീനിച്ച വ്യക്തിയാണ് സിദ്ദിഖ് സാര്‍. കൈ പിടിച്ച് ഒരു സ്വപ്നത്തിലേക്ക് നടത്തുക എന്നൊക്കെ പറയാറില്ലേ, എനിക്കതായിരുന്നു സാര്‍. എന്റെയൊരു മെന്റര്‍ എന്നു തന്നെ പറയാം. എന്നെ എപ്പോഴും മോളെ എന്നേ വിളിക്കൂ. സാറിന്റെ വിളികളില്‍ ഒരു ആര്‍ട്ടിസ്റ്റിനോടുള്ള ബഹുമാനം മാത്രമല്ല ശരിക്കും മകളെപ്പോലെയുള്ള ഫീലിംഗായിരുന്നു. സിദ്ദിഖിക്കയുടെ സെറ്റില്‍ എനിക്ക് മകളെപ്പോലെയുള്ള കെയറിംഗ് കിട്ടിയിരുന്നു. വളരെ ട്രാന്‍സ്പേരന്റായ വ്യക്തിയായിരുന്നു അദ്ദേഹം. ഉള്ളിലും പുറത്തും ഒരേ രീതിയില്‍ ചിരിച്ച മുഖത്തോടെ പെരുമാറുന്ന വ്യക്തി. ശരിക്കുമൊരു വഴികാട്ടി തന്നെയാണ് ഇക്ക. ജയിലര്‍ കിട്ടിയതു പോലും ഒരുപരിധി വരെ ബിഗ് ബ്രദര്‍ കാരണമാണ്. ജയിലര്‍ പോലെയുളള ഒരു സിനിമയിലേക്ക് വിളിക്കുമ്പോള്‍ അവര്‍ എന്റെ കരിയര്‍ ഗ്രാഫ് നോക്കുമല്ലോ. സിദ്ദിഖ് സാര്‍, ലാലേട്ടന് സ്കൂളില്‍ നിന്നെത്തിയ അഭിനേത്രി എന്നത് എനിക്ക് ശരിക്കും പോസിറ്റീവായിരുന്നു.
എങ്ങനെയാണ് വെള്ളിത്തിരയിലേക്ക് എത്തിയത് ?
ഞാൻ ജനിച്ചതും വളർന്നതും ഇടുക്കിയിൽ ആണ്. മൂന്നു വയസ്സില്‍ ഞാന്‍ നൃത്തത്തിന് അരങ്ങേറ്റം നടത്തി. കലാരംഗത്ത് തിളങ്ങി നിന്നിരുന്നെങ്കിലും സിനിമ ഒരിക്കലും നടക്കുമെന്ന് ഓര്‍ത്തിരുന്നില്ല. സിനിമ വേണം, ചെയ്യണം, അതു തന്നെ മതിയെന്ന് മനസ്സില്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും സിനിമ നടന്നത് തികച്ചും അപ്രതീക്ഷിതമായിട്ടാണ്. ഒരു സിനിമാപാരമ്പര്യവും ഇല്ലാത്ത കുടുംബമാണ് എന്റേത്. സിനിമ ആര്‍ക്കും താത്പര്യമില്ലായിരുന്നു. സിനിമ വേണമെന്ന് ചെറുപ്പത്തില്‍ പറയുമ്പോള്‍ മറ്റൊരു പ്രൊഫഷന് മതിയെന്ന് വീട്ടിലുള്ളവര്‍ പറഞ്ഞു. അങ്ങനെ സോഫ്റ്റ്വെയര് ഡെവലപ്പറായി. ആ കരിയറില്‍ സ്റ്റിക്ക് ഓണ്‍ ആയ സമയത്താണ് സിനിമയിലേക്ക് ഒരു ഓഫര്‍ വരുന്നത്. എന്റെയൊരു സുഹൃത്ത് ഒരു സെല്‍ഫി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതുകണ്ടിട്ടാണ് തമിഴ് സിനിമയുടെ എനിക്ക് ഓഫര്‍ വന്നത്. അമീര്‍ സാറിന്റെ സിനിമയായിരുന്നു അത്. അങ്ങനെയാണ് ആദ്യ സിനിമ സംഭവിച്ചത്. അത് തമിഴില്‍ സംഭവിച്ചു എന്നു മാത്രം. അതോടെ കൂടുതല്‍ ഓഫറുകള്‍ വന്നതും തമിഴില്‍ നിന്നായി. പിന്നെ മലയാളത്തില്‍ എനിക്കു കിട്ടിയ ഓപ്പണിംഗും ഗംഭീരമായിരുന്നു. സിദ്ദിഖ് സാര്‍, ലാലേട്ടന് എന്നിവര്‍ക്കൊപ്പം കിട്ടിയ തുടക്കം ഒരു വലിയ ഭാഗ്യമായി.
കുടുംബത്തിന്റെ പിന്തുണ ?
ഒരു പ്രൊഫഷന് വേണമെന്ന് അച്ഛന് പറഞ്ഞപ്പോള്‍ എന്ഞ്ചീയറിംഗ് ഞാന്‍ ഇഷ്ടത്തോടെ തെരഞ്ഞെടുത്തതാണ്. പിന്നെയതില്‍ തന്നെ കുറെ നാളായപ്പോള്‍ ചെറിയൊരു മടുപ്പൊക്കെ തോന്നിയിരുന്നു. എന്തോ ഒരു മിസ്സിംഗ് എവിടെയൊക്കെയോ തോന്നി. അപ്പോഴാണ് ഞാനേറെ ആഗ്രഹിച്ച സിനിമയിലേക്ക് ഓഫര്‍ വരുന്നത്. അണിയറപ്രവര്‍ത്തകര്‍ വിളിച്ചപ്പോഴും വീട്ടില്‍ നിന്ന് ചെറിയൊരു എതിര്‍പ്പൊക്കെ വന്നു. എങ്കിലും എന്റെ തീരുമാനം വളരെ ആലോചിച്ച് എടുത്തതാണെന്ന് മനസ്സിലായപ്പോള്‍ അവരാണ് കൂടുതല്‍ പിന്തുണ തന്നത്. ചെയ്തിരുന്ന ജോലി വേണ്ടെന്നു വച്ചാണ് ഞാന്‍ സിനിമ സൈന്‍ ചെയ്തത്. ചലഞ്ചസ് വേണം, റിസ്ക് എടുത്താല്‍ മാത്രമേ സര്‍പ്രൈസിംഗ് എലമന്റുകള്‍ വരൂ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഞാനെടുത്ത തീരുമാനം കറക്ടായിരുന്നു എന്ന് സമയം തെളിയിച്ചു. പിന്നെ അച്ഛന് പറഞ്ഞതു പോലെ ജോലിയൊക്കെ ചെയ്ത് പക്വതയെത്തിയ ശേഷം സിനിമയിലെത്തിയത് എന്റെ കരിയര്‍ ഗ്രോത്തിന് ഏറെ സഹായിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇത്രയും ആസ്വദിച്ച് സിനിമ ചെയ്യാന്‍ കഴിഞ്ഞത് ഈ സമയത്ത് സിനിമ തെരഞ്ഞെടുത്തതു കൊണ്ടു തന്നെയാണ്.
യാത്രകള്‍ ഏറെയിഷ്ടപ്പെടുന്ന ആളാണോ ?
വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ്. സിനിമയില്‍ നിന്ന് ചെറിയൊരു ഗ്യാപ്പ് കിട്ടിയാല്‍ യാത്രയ്ക്കു വേണ്ടി മാറ്റി വയ്ക്കും. ഒരു ഹിമാലയന്‍ യാത്ര അടുത്തിടെ ചെയ്തിട്ടുണ്ട്. എന്റെ യാത്രകള്‍ എപ്പോഴും ചലഞ്ചിംഗായിരിക്കും. അതുകൊണ്ടാണ് ആ ചിത്രങ്ങളൊന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാത്തത്. പുതിയ സ്ഥലങ്ങള്‍ കാണാനും ആസ്വദിക്കാനുമൊക്കെ വലിയ ഇഷ്ടമാണ്. അടുത്തിടെ ഒരു മാലിദ്വീപ് യാത്ര നടത്തിയിരുന്നു. അനിഖ, ജിപി ചേട്ടന്, ശ്രുതി രജനികാന്ത്, അഞ്ജുകുര്യന്‍, വിനോദ് ആന്റണി എന്നിവരടങ്ങുന്ന വലിയ ടീമിനൊപ്പമായിരുന്നു ആ യാത്ര. കൊറോണ സമയത്ത് ഞങ്ങള്‍ ഒരുമിച്ച് ഒരു പ്രൊജക്ട് ചെയ്തിരുന്നു, അപ്പോള്‍ തുടങ്ങിയതാണ് ആ ഫ്രണ്ട്ഷിപ്പ്. തനിച്ചുള്ള യാത്രകളും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്രകളും ഏറെ ആസ്വദിക്കാറുണ്ട്.
നെഗറ്റീവ് കമന്റുകള്‍ വരുമ്പോഴുള്ള പ്രതികരണം ?
ഒന്നും തോന്നാറില്ല. ആളുകള്‍ക്ക് എപ്പോഴും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു ഫുഡ് കഴിച്ചാല്‍, ഒരു യാത്ര പോയാല്‍ അത് നല്ലതാണോ ചീത്തയാണോ എന്ന് പറയാന്‍ സ്വാതന്ത്ര്യമില്ലേ, അതു പോലെയാണിത്. എന്നെ സംബന്ധിച്ച് നെഗറ്റീവ് പറഞ്ഞാലും ഞാനത് കാര്യമാക്കാറില്ല. സിനിമ എന്നത് ഒരു പൊതുവായ മീഡിയമാണ്. വളരെ ട്രാന്സ്പെരന്റായ ഒരു സ്പേസാണിത്. അത് കാണാനും അഭിപ്രായം പറയാനും എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ട്. ഓരോ പ്രായം കഴിയുമ്പോഴും പക്വത കൂടും. രജനി സാറിനെപ്പോലെയാകാനാണ് എനിക്കിഷ്ടം. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ബ്യൂട്ടി സൈലന്‍സാണ്. ഒരു ഹാപ്പി പീസ്ഫുള് സ്റ്റേറ്റില്ലേ, മെന്റലി,സ്പിരിച്വലി ഇമോഷണലി അങ്ങനെയാകാന്‍ ഒരുപാട് വളരണം. എന്ത് കേട്ടാലും അത് പറയുന്നവരുടെ അഭിപ്രായമാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ആ ഒരു തലത്തിലേക്ക് ഉയരണം എന്നാണ് ആഗ്രഹം.
പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളും ?
നല്ല പ്രൊഡക്ഷന്‍ ഹൗസിന്റെയും നല്ല അഭിനേതാക്കളുടെയും സിനിമകള്‍ വരുന്നുണ്ട്. ജയിലറിന്റെ സമയത്തു തന്നെ മറ്റൊരു തെലുങ്ക് സിനിമയും ചെയ്തിരുന്നു. സംവിധായകന് അമീറും തിരക്കഥാകൃത്തായി വെട്രിമാരനും ഒരുമിക്കുന്ന ഇരവിയന് മികന് പെരിയവന്‍ എന്ന സിനിമ ഷൂട്ടിംഗ് നടക്കുകയാണ്. പിന്നെ ബര്ത്ത്മാര്ക്ക് എന്ന സിനിമയുണ്ട്. ബര്‍ത്ത് മാര്‍ക്ക് ഒരു സസ്പെന്‍സ് ത്രില്ലറാണ്. കൂടുതല്‍ അഭിനയസാധ്യതയുള്ള സിനിമയാണ്. ഞാന്‍ ആ സോണില്‍ ഇരുന്നിട്ടില്ല. അതുകൊണ്ട് തന്നെ നല്ല ചലഞ്ചിംഗായിരുന്നു. കൂടുതല്‍ അപ്പ്ഡേറ്റുകള്‍ അതിനെക്കുറിച്ച് പറയാനാവില്ല. കന്നഡയില്‍ ആദ്യ സിനിമ ചെയ്യാനൊരുങ്ങുകയാണ്. സെപ്റ്റംബറില്‍ ഒരു സിനിമ മലയാളത്തിലേക്ക് വന്നിട്ടുണ്ട്. രണ്ടു വര്‍ഷത്തിനു ശേഷം മലയാളത്തില്‍ ഒരു സിനിമ ചെയ്യുകയാണ്. അതിന്റെ ചര്‍ച്ചകളൊക്കെ നടക്കുകയാണ്.
മരിക്കുന്ന സമയം വരെ സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. സിനിമയില്‍ ഓരോ ദിവസവും ഫ്രഷ്നെസ്സാണ്. സുകുമാരിചേച്ചിയെയും ഫിലോമിന ചേച്ചിയെയും പോലെ എന്നും സിനിമ കൂടെ വേണമെന്നാണ് ആഗ്രഹം. ഞാന്‍ ചെയ്യുന്ന ഓരോ സിനിമയും എന്റെ ഡ്രീം സിനിമകളാണ്. ഒരു പാന്‍ ഇന്ത്യന്‍ അഭിനേത്രിയാകണമെന്ന് ആഗ്രഹമുണ്ട്. എല്ലാ പ്രേക്ഷകരും എന്നെ പെര്‍ഫോമന്‍സ് അംഗീകരിക്കണം എന്ന് ആഗ്രഹമുണ്ട്. എന്തെങ്കിലും മനസ്സ് കൊണ്ട് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ അതു നടക്കുമെന്ന് പറയാറില്ലേ. എന്റെ കാര്യത്തിലത് സത്യമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ചെയ്യുന്ന ഓരോ സിനിമകളും എന്റെ ലക്ഷ്യത്തിലേക്കുള്ള ഓരോ ചുവടുകളാണ്. ആസ്വദിച്ചു ചെയ്താലെ, സന്തോഷത്തോടെ ഇരിക്കാൻ പറ്റൂ എന്നുറച്ചു വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഇത്തവണത്തെ ഓണം പിന്നെ കുടുംബത്തിനൊപ്പമാണ്. ഈ ഓണം എനിക്കാണെങ്കില്‍ ഏറെ മാധുര്യം നിറഞ്ഞതാണ്. സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ എന്റെ സിനിമയുടെ വിജയം ആഘോഷിക്കുന്നുണ്ടെന്ന് അവരൊക്കെ വിളിക്കുമ്പോള്‍ പറയുന്നുണ്ട്. അതുകൊണ്ട് കൂടുതല്‍ സന്തോഷം. എന്റെ സിനിമകള്‍ സ്വീകരിക്കുന്ന, ആസ്വദിക്കുന്ന എല്ലാ പ്രേക്ഷകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍....