
ഓരോ പ്രദശത്തും കൗതുകമുണര്‍ത്തുന്നതും ഭ്രമിപ്പിക്കുന്നതുമായ എന്തെങ്കിലുമൊക്കെ കാഴ്ചകളുണ്ടാകും. ഇത്തരം പ്രദേശങ്ങളിലൂടെയുള്ള ദീര്‍ഘ ദൂര യാത്രകളായിരിക്കും പലപ്പോഴും നിഗൂഢമായ ഈ കാര്യങ്ങള്‍ നമ്മള്‍ക്ക് മനസ്സിലാക്കി തരുന്നത്. എന്നാല്‍ സമൂഹ മാധ്യമങ്ങളുടെ വരവോടെ ഓരോ പ്രദേശത്തും ഉറങ്ങുന്ന രഹസ്യങ്ങള്‍ കാഴ്ചക്കാരനിലേക്ക് വളരെ വേഗമാണ് എത്തുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ കഴിഞ്ഞ ദിവസം വൈറലായിരിക്കുകയാണ് ഒരു ഗുഹ റോഡിന്റെ കാഴ്ചയാണ്. ഹോളിവുഡ് ചിത്രം ഇന്ത്യാന ജോണ്‍സിനെയാണ് വീഡിയോ ഓര്‍മ്മിപ്പിക്കുന്നത് എന്നാണ് വീഡിയോ കണ്ട ചിലര്‍ പറഞ്ഞത്.
@sciencesetfree എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ഈ റോഡ് സാധ്യമാക്കാന്‍ ഒരുപാട് ജോലികള്‍ ആവശ്യമാണ്' എന്ന കുറിപ്പോടൊയായിരുന്നു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒപ്പം കാഴ്ചക്കാരോട് 'ഈ ഡ്രൈവ് എടുക്കുമ്പോള്‍ നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നുമോ? ' എന്നും ചോദിച്ചു. സുന്ദരമായ ഒരു പ്രദേശത്ത് നിന്ന് ആരംഭിക്കുന്ന വീഡിയോയില്‍ ദൂരെ ഒരു വലിയ മലയുടെ താഴെയായി ഒരു തുരങ്കം കാണാം. വാഹനം തുരങ്കത്തിലേക്ക് കടക്കുന്നതോടെ വാഹനത്തിന്റെ വെളിച്ചത്തിലാണ് പിന്നീട് തുരങ്കത്തിന്റെ ഉള്‍വശം നമ്മള് കാണുന്നത്.
ഏറെ വളവുകളും തിരിവുകളുമുള്ള ഒരു വലിയ ഗുഹ. എന്നാല്‍ തറ നിരപ്പ് ഏതാണ്ട് ഒരു പോലെയാണ്. അപൂര്‍വ്വമായി വളരെ ചെറിയ കയറ്റിറക്കങ്ങളേ ഉള്ളൂ. ഗുഹയ്ക്ക് ഉള്‍വശത്ത് വലിയ പണികളെടുത്തിട്ടില്ല. ഗുഹയ്ക്ക് ഉള്ളില്‍ അത് പോലെ തന്നെ നിലനിര്‍ത്തിയതിനാല്‍ കാഴ്ചയില്‍ വലിയൊരു അനുഭവം തന്നെയാണ് ഗുഹ. ചില ഇടങ്ങളില്‍ ഏങ്ങോട്ട് തിരിയണമെന്നുള്ള ചില ചൂണ്ട് പലകകള്‍ കാണാം. ഗുഹയില്‍ നിന്ന് പുറത്ത് കടക്കുമ്പോള്‍ മറ്റൊരു വിശാലമായ ലോകത്ത് എത്തിയത് പോലുള്ള ഫീലാണ് യാത്രക്കാര്‍ക്ക് ഉണ്ടാകുക. ''വെളിച്ചം കണ്ടപ്പോള്‍ എനിക്ക് തോന്നിയ സമാധാനം. ഞാന്‍ വീണ്ടും ശ്വസിക്കാന്‍ തുടങ്ങുന്നതുവരെ. ' എന്നായിരുന്നു ഒരു കാഴ്ചക്കാരന് എഴുതിയത്. ''ഇല്ല നന്ദി. തുരങ്കത്തിന്റെ അറ്റത്തുള്ള വെളിച്ചം പോലും വിലമതിക്കുന്നില്ല എന്ന് മറ്റൊരാള്‍ കുറിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ നാല്പത്തിയെട്ടായിരം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്
ഈ തുരങ്കം തായ്ഹാംഗ് പര്‍വതനിരകളിലേക്ക് കയറുന്നതിനായി പ്രാദേശിക ഗ്രാമീണര്‍ കൈകൊണ്ട് കൊത്തിയെടുത്തതാണ്. പിന്നീട് ഈ തുരങ്കം ഗ്വോലിയാങ്ങിനും പുറം ലോകത്തിനും ഇടയിലുള്ള ഒരു പ്രധാന വഴിയായി മാറി. ഗ്രാമത്തലവനായ ഷെന്‍ മിംഗ്സിന് എന്നയാളുടെ നേതൃത്വത്തില്‍ പതിമൂന്ന് ഗ്രാമീണര്‍ അഞ്ച് വര്‍ഷമെടുത്താണ് 1,200 മീറ്റര്‍ നീളമുള്ള തുരങ്കം പൂര്‍ത്തിയാക്കിയത്, ഏകദേശം അഞ്ച് മീറ്റര്‍ ഉയരവും നാല് മീറ്റര്‍ വീതിയുമുണ്ട്. വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ പറ്റുന്ന തരത്തിലാണ് ഇതിന്റെ രൂപഘടന. 1977-ലാണ് ഈ തുരങ്ക റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്, അതുവരെ ഗുവോലിയാങ് ഗ്രാമത്തിലെത്താന്‍ കുത്തനെയുള്ള ലംബവും അപകടകരവുമായ 720 പര്‍വത പടികള്‍ കയറി ഇറങ്ങണമായിരുന്നു.






