
പ്രണയം എന്നു പറയുന്നത് പുതിയ അനുഭൂതി നല്കുന്ന വികാരണമാണ്. അവിടെ പ്രായത്തിനോ മതത്തിനോ, വര്‍ണത്തിനോ, സ്റ്റാറ്റസിനോ ഒന്നും
സ്ഥാനമില്ല. ആര്‍ക്ക് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും പ്രണയം തോന്നാം എന്നതാണ് പ്രണയത്തിന്റെ മറ്റൊരു പ്രത്യേകത. ഇത് സംബന്ധിക്കുന്ന വ്യത്യസ്തമായ പ്രണയകഥകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ കൗതുകമുണര്‍ത്തുന്ന തന്റെ പ്രണയകഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഇവിടെ ഒരു ഐറിഷ് യുവതി.
ബ്രിഡ്ജറ്റ് വാള് എന്ന ഈ ഐറിഷ് സ്ത്രീ രണ്ടാമതും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ്. വരന് ആകട്ടെ ഒരു തടവുകാരനും. അതെ അദ്ദേഹം ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ഇരുവരും ഇതുവരെയായും ജയിലിന് പുറത്ത് വച്ച് പരസ്പരം കണ്ടിട്ടില്ല. പക്ഷേ, അവരിരുവരും പ്രണയത്തിലാണ്. ഇപ്പോള്‍ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും.
ആ കഥ ഇങ്ങനെ: ബ്രിഡ്ജറ്റ് വാളിന്റെ കസിന് ജയിലിലായപ്പോള്‍ അത് തന്റെ ജീവിത പങ്കാളിയെ കണ്ടെത്താന്‍ സഹായിക്കുമെന്ന് ബ്രിഡ്ജറ്റ് ഒരിക്കലും കരുതിയില്ല. വിവരം പുറത്തായപ്പോള്‍ ബ്രിഡ്ജറ്റ് ഒരു മാധ്യമത്തിന് അഭിമുഖം നല്കി. അഭിമുഖത്തില്‍ തന്റെ ബന്ധുവിന്റെ അന്തേവാസിയായ ടോമി വാള്ഡന് ജയിലില്‍ പോകുന്നതിന് മുമ്പ് ടിക്ക് ടോക്കില്‍ തന്നെ ഫോളോ ചെയ്തിരുന്നെന്ന് പറയുന്നു. എന്നാല്‍ ബ്രിഡ്ജറ്റ് ടോമിയെ ഫോളോ ചെയ്തിരുന്നില്ല. ടോമിയുടെ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നില്ല. എന്നാല്‍, ബ്രിഡ്ജറ്റിന്റെ കസില് ടോമിയുള്ള ജയിലെത്തിയപ്പോള്‍, അയാള്‍ കസിനോട് തന്റെ ആഗ്രഹം പങ്കുവച്ചു. ഉടന്‍ തന്നെ കസിന് ജയില്‍ ഫോണ്‍ ഉപയോഗിച്ച് ബ്രിഡ്ജറ്റിനെ വിളിക്കുകയും ടോമിയുമായി സംസാരിക്കാന്‍ പറയുകയും ചെയ്തു. ആദ്യത്തെ ഫോണ്‍ സംഭാഷണത്തില്‍ തന്നെ ബ്രിഡ്ജറ്റിന് ടോമിയെ 'ക്ഷ' പിടിച്ചെന്ന് പറഞ്ഞാല്‍ മതി. പ
ഇതിന് ശേഷം 2021 നവംബര്‍ 11-ന് ആദ്യമായി ടോമിയെ കാണാനായി ബ്രിഡ്ജറ്റ് ജയില്‍ സന്ദര്‍ശിച്ചു. ആദ്യമായാണ് ഞാന്‍ ഒരു ജയിലിലേക്ക് കടക്കുന്നത്; ഞാന്‍ അകത്ത് കടന്നപ്പോള്‍ എന്റെ കൈകള്‍ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. അവനെ കണ്ടപ്പോള്‍ എനിക്ക് തോന്നി അവന് സുന്ദരനാണെന്ന്. അവന് എന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചു, ഞങ്ങള്‍ക്ക് തോന്നിയ ബന്ധം വെറും ഭ്രാന്തായിരുന്നു, ''ബ്രിഡ്ജറ്റ് അഭിമുഖത്തില്‍ പറയുന്നു. മാസത്തില്‍ മൂന്ന് തവണ ടോമിയെ കാണാന്‍ തനിക്ക് അനുവാദമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ, സുഹൃത്തുക്കളോടും ബന്ധുക്കളോടും ഈ ബന്ധത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അവളുടെ സുഹൃത്തുക്കള്‍ അവളെ ഒഴിവാക്കാന്‍ ശ്രമിച്ചതായും ബ്രിഡ്ജറ്റ് പറഞ്ഞു.
എന്നാല്‍, ബ്രിഡ്ജറ്റിന്റെ പ്രണയത്തിന് ചില കടമ്പകളുണ്ട്. ഐറിഷ് ട്രാവലര്‍ കമ്മ്യൂണിറ്റിയില്‍ പെട്ട ബ്രിഡ്ജറ്റ് 16-ാം വയസ്സില്‍ വിവാഹിതയായിരുന്നു. പക്ഷേ, ആദ്യ ഭര്‍ത്താവില്‍ നിന്നും സുഖകരമല്ലാത്ത ജീവിതമായിരുന്നു ബ്രിഡ്ജറ്റിന് ലഭിച്ചത്. ആ ബന്ധം ഉപേക്ഷിച്ചെങ്കിലും ബന്ധുക്കള്‍ ടോമിയുമായുള്ള ബന്ധത്തിന് എതിരാണ്. അവര്‍ തന്നെ കുറിച്ച് മോശമായി ചിത്രീകരിച്ച് ടോമിക്ക് കത്തുകളെഴുതിയെന്നും ബ്രിഡ്ജറ്റ് പറയുന്നു. പക്ഷേ, ഇരുവരും അഗാധമായ പ്രണയത്തിലാണ്. അടുത്ത വര്‍ഷം ടോമി ജയില്‍ മോചിതനാകുന്നതും കാത്തിരിക്കുകയാണ് ബ്രിഡ്ജറ്റ്. അതിന് ശേഷം ഉടന്‍ തന്നെ ഇവരുടെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.






