
മലയാള സിനിമാപ്രേക്ഷകരുടെയും ശ്രോതാക്കളുടെയും ഇഷ്ടസംഗീതസംവിധായകനാണ് ബിജിബാല്‍. ഒരുപാട് നല്ല ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച ബിജിബാലിന്റെ വ്യക്തിജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം ഭാര്യ ശാന്തിയുടെ അകാലത്തിലുള്ള മരണം. അതിനു ശേഷം സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും ഭാര്യയുടെ വേര്‍പാടിന്റെ വിഷമങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മരണപ്പെട്ട ഭാര്യയുടെ ശബ്ദം എ ഐ വഴി തിരിച്ചെടുത്ത് അതേ ശബ്ദത്തില്‍ ഭാര്യയ്ക്ക് വേണ്ടി പാട്ടു പാടുകയാണ് സംഗീത സംവിധായകൻ ബിജിബാല്‍. ‘എന്റെ പൊന്നോണം, പൂങ്കാവ്, പൂവനം
അവളുടെ പ്രിയപ്പെട്ട പാട്ടു ഞാൻ പാടിയത്, അവളുടെ ശബ്ദത്തിൽ... ’ എന്ന ക്യാപ്ഷനൊപ്പം ബിജിബാല്‍ തന്നെയാണ് ഈ പാട്ടിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ശബ്ദം എ ഐ വഴി നിര്‍മ്മിച്ചതാണെങ്കിലും ഭാര്യ ശാന്തിയുടെ ദൃശ്യങ്ങളാണ് വിഡിയോയില്‍ ബിജിബാല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എബി സാല്‍വിൻ തോമസ് ആണ് ഇത്തരമൊരു വിഡിയോ ചെയ്യാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ സാധ്യത പരിചയപ്പെടുത്തിയതെന്ന് ബിജിബാല്‍ പറയുന്നു.
തീരെ പ്രതീക്ഷിക്കാത്ത സമയത്താണ് ബിജിബാലിന് തന്റെ ഭാര്യ ശാന്തിയെ നഷ്ടപ്പെടുന്നത്. ആ വേര്‍പാടിനോട് പൊരുത്തപ്പെടാന്‍ ബിജിബാലിന് പലപ്പോഴും കഴിയാറില്ല. ഭാര്യയെ കുറിച്ചുള്ള ഓര്‍മ്മകള്‍ മിക്കപ്പോഴും ബിജിബാല്‍ പങ്കുവെക്കാറുണ്ട്. 2002 ജൂണ്‍ 21നാണ് ബിജിബാലും ശാന്തിയും വിവാഹിതരായത്. 2017 ല്‍ മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് നര്‍ത്തകിയായ ശാന്തി ബിജിബാല്‍ അന്തരിച്ചത്.






