
ഡി-മാക്സ് എസ്-ക്യാബ് പിക്കപ്പ് ട്രക്കില്‍ പുതിയ ടോപ്പ് എന്‍ഡ് Z വേരിയന്റ് അവതരിപ്പിച്ചിരിക്കുകയാണ് ഇസൂസു മോട്ടോര്‍സ് ഇന്ത്യ. 15 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഈ കൊമേര്‍സ്യല്‍ പര്‍പ്പസ് വാഹനം വിപണനത്തിന് എത്തിയിരിക്കുന്നത്. ഇസൂസു ഡി-മാക്സ് എസ്-ക്യാബ് വിവിധ ബിസിനസ് ആവശ്യങ്ങള്‍ക്കായി സംരംഭകരെയും ഫ്ലീറ്റ് ഓപ്പറേറ്റര്‍മാരെയും ലക്ഷ്യമിട്ടുള്ള ഒരു വാണിജ്യ ക്രൂ ക്യാബാണെന്ന് കമ്പനി തന്നെ പറയുന്നുണ്ട്. Z വേരിയന്റ് പുതിയ ഫീച്ചറുകളും ക്രിയേറ്റീവ് കംഫര്‍ട്ട് സവിശേഷതകളും കോര്‍ത്തിണക്കിയാണ് വിപണി പിടിക്കാന്‍ എത്തുന്നത്.
ഡിസൈനിലും പ്രീമിയം ഫീല്‍ നിലനിര്‍ത്താനായി ക്രോം ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള ബൈ-എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, ഡോര്‍ ഹാന്‍ഡിലുകളില്‍ ക്രോം ഫിനിഷ്, ടെയില്‍ഗേറ്റ് ഹാന്‍ഡില്‍ തുടങ്ങിയ ഫീച്ചറുകള്‍ പുതിയ ഇസൂസു ഡി-മാക്സ് എസ്-ക്യാബ് Z വേരിയന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, റൂഫ് റെയിലുകള്‍, ഗണ്‍മെറ്റല്‍ ഫിനിഷ്ഡ് ഷാര്‍ക്ക് ഫിന് ആന്റിന, പുതിയ സിക്സ് സ്പോക്ക് വീല്‍ കവറുകള്‍ എന്നിവയും വാഹനത്തിന്റെ ഹൈലൈറ്റുകളാണ്. ടോപ്പ്-എന്‍ഡ് ഡി-മാക്സ് എസ്-ക്യാബ് Z വേരിയന്റിന്റെ ക്യാബിന് ആന്റി-സ്കിഡ് സൈഡ്സ്റ്റെപ്പുകള്‍, കീലെസ് എന്‍ട്രി, പിയാനോ ബ്ലാക്ക് ഫിനിഷ് ട്രിമ്മുകള്‍, മള്‍ട്ടി-ഫംഗ്ഷന് ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ഡ്യുവല്‍-ടോണ്‍ ഡാര്‍ക്ക് ഗ്രേ അപ്ഹോള്‍സ്റ്ററി എന്നിവയെല്ലാം ഇന്റീരിയറില്‍ ഇടംപിടിച്ചു.
സേഫ്റ്റിയിലും പ്രത്യേക ശ്രദ്ധകൊടുത്താണ് ഇസൂസു പുതിയ ഡി-മാക്സ് എസ്-ക്യാബ് Z വേരിയന്റിന്റെ പുറത്തിറക്കിയിരിക്കുന്നത്. പിന് സീറ്റുകളില്‍ ISOFIX ആങ്കറേജുകള്‍, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്കുകള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ ക്രംപിള്‍ സോണുകള്‍, ക്രോസ് കാര്‍ ഫ്രണ്ട് ബീം, ഡോര്‍ സൈഡ് ഇന്‍ട്രൂഷന്‍ പ്രൊട്ടക്ഷന്‍, കൊളാപ്സിബിള്‍ സ്റ്റിയറിംഗ് കോളം എന്നിവയെല്ലാമാണ് സുരക്ഷക്കായി അണിനിരത്തിയിരിക്കുന്നത്.
ഡ്രൈവ്ട്രെയിനിനുള്ള അണ്ടര്‍ബോഡി സ്റ്റീല്‍ പ്രൊട്ടക്ഷന്‍, ബ്രേക്ക് ഓവര്‍റൈഡ് സിസ്റ്റം (BOS) പാനിക് ബ്രേക്കിംഗിന്റെ കാര്യത്തില്‍ എഞ്ചിനിലേക്ക് പവര്‍ കട്ട് ചെയ്യുന്ന സംവിധാനം പോലുള്ള സേഫ്റ്റി ഫീച്ചറുകളുടെ അകമ്പടിയും ഈ കൊമേഴ്സ്യല്‍ പിക്കപ്പ് ട്രക്കിനുണ്ട്. കോസ്മിക് ബ്ലാക്ക്, ഗലീന ഗ്രേ, സ്പ്ലാഷ് വൈറ്റ്, നോട്ടിലസ് ബ്ലൂ, ടൈറ്റാനിയം സില്‍വര്‍ എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ ക്രൂ ക്യാബ് സ്വന്തമാക്കാനാവും. എഞ്ചിന്റെ കാര്യത്തിലേക്ക് വന്നാല്‍ 77.7 bhp കരുത്തില്‍ പരമാവധി 176 Nm torque നല്കാനാവുന്ന 2.5 ലിറ്റര്‍ 4JA1 ഡീസല്‍ എഞ്ചിനിലാണ് ഡി-മാക്സ് എസ്-ക്യാബ് Z വേരിയന്റിന്റും വിപണിയില്‍ എത്തുന്നത്.






