
ഐ ഫോൺ സ്വന്തമാക്കാനായി ഒരു ചൈനീസ് യുവതി നടത്തിയ മോഷണശ്രമമാണ് ഇപ്പോൾ മാധ്യമങ്ങളിൽ തരംഗമാകുന്നത്
ഒരു ആപ്പിൾ സ്റ്റോറിൽ നിന്ന് ആപ്പിൾ ഐഫോൺ 14 മോഷ്ടിച്ച ക്യു എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് പറയുന്നത്. യുവതി ഫോണുകളും ഗാഡ്ജെറ്റ്സുകളും മറ്റും മോഷണം പോകാതിരിക്കുന്നതിനായി ഉപയോഗിക്കുന്ന ആന്റി തെഫ്റ്റ് കേബിൾ കടിച്ചു മുറിച്ചതിനുശേഷമാണ് ഫോൺ എടുത്തു കൊണ്ട് കടയിൽ നിന്നും ഓടിയത്. യുവതി കേബിൾ കടിച്ചു മുറിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
മോഷണശ്രമം ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ ഒരു കടയിലാണ് നടന്നത്. കടയിലെ ഒരു ഐഫോൺ ഡിസ്പ്ലേക്ക് സമീപം യുവതി നിൽക്കുന്നതും അത് പരിശോധിക്കുന്നതും കടയിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കുറച്ചുസമയം ഫോൺ പരിശോധിച്ചതിനുശേഷം യുവതി ഫോൺ എടുക്കുന്നതിനായി ആന്റി തെഫ്റ്റ് കേബിൾ കടിച്ചു മുറിക്കുകയും ഫോണുമായി കടയിൽ നിന്നും പുറത്തിറങ്ങുകയും ചെയ്യുന്നു. എന്നാല്‍ യുവതി കടയിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് ജീവനക്കാർ ഡിസ്പ്ലേ ആയി വെച്ചിരുന്ന ഫോൺ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
തുടര്‍ന്ന് 30 മിനിറ്റിനുള്ളിൽ തന്നെ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. തന്റെ ഫോൺ നഷ്ടപ്പെട്ടുപോയെന്നും പുതിയത് വാങ്ങാൻ പണമില്ലാത്തതിനാലാണ് മോഷ്ടിക്കാൻ തീരുമാനിച്ചതെന്നുമാണ് യുവതി പോലീസിന് നൽകിയ മൊഴി.






