
താരങ്ങളെ മാത്രമല്ല അവരുടെ കുടുംബങ്ങളെയും സ്വന്തം പോലെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ദുല്‍ഖറിന്റെ ഭാര്യയായ അമാല്‍ സുല്‍ഫിയ വെള്ളിത്തിരയില്‍ തിളങ്ങാറില്ലെങ്കിലും സോഷ്യല്‍ മീഡിയ വഴി ആരാധകരുടെ മനസ്സിലിടം നേടിയ താരമാണ്. ദുല്‍ഖറിന്റെ സിനിമാസൗഹൃദങ്ങളെല്ലാം അമാലും കാത്തുസൂക്ഷിക്കുന്നുണ്ട്. അമാലിന്റെ ജന്മദിനമാണിന്ന്. സുഹൃത്തുക്കളും താരങ്ങളും ആരാധകരുമടക്കം ഡിക്യൂവിന്റെ പ്രിയപത്നിക്ക് ആശംസകളറിയിക്കുന്നുണ്ട്. ഇപ്പോഴിതാ അമാലിന്റെ അടുത്ത സുഹൃത്തായ നസ്റിയ ഫഹദും സോഷ്യല്‍ മീഡിയ വഴി ആശംസ കുറിച്ചിരിക്കുകയാണ്. ‘‘മറ്റൊരു മിസ്റ്ററിൽ നിന്ന് എന്റെ സഹോദരിക്ക് ജന്മദിനാശംസകൾ .... എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് അമാ...നീയില്ലാതെ ഞാൻ എന്ത് ചെയ്യും.... മനസ്സിനകത്തും പുറത്തും ഏറ്റവും മനോഹരിയാണ് നീ...നീ എന്റെ സ്വന്തം…’’ എന്നാണ് അമാലിനൊപ്പമുള്ള ചിത്രത്തിനൊപ്പം നസ്റിയ കുറിച്ചത്. കൂളിംഗ് ഗ്ലാസും വച്ച് മോഡേണ്‍ ലുക്കില്‍ രണ്ടുപേരും സ്റ്റൈലിഷായിട്ടാണ് ചിത്രങ്ങളില്‍ തിളങ്ങുന്നത്.
ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു ആം എന്നും അമാലിനെ വളരെക്കാലമായി സ്നേഹിക്കുന്നു എന്നുമടങ്ങുന്ന പ്രണയത്തില്‍ ചാലിച്ച കുറിപ്പാണ് ഡിക്യൂ പങ്കിട്ടിരിക്കുന്നത്. ജന്മദിനാശംസകൾ അമു എന്ന് പൃഥ്വിയും കുറിച്ചിട്ടുണ്ട്. 2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍കിടെക്ടാണ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേത് എന്ന് ദുൽഖർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അടുത്ത കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം വീടുകള്‍ക്കും ഫ്ളാറ്റുകള്‍ക്കും ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തും അമാല്‍ താരമായിരുന്നു. ഫഹദ് നസ്രിയ താരദമ്പതികളുടെ ഫ്ളാറ്റിന് ഇന്റീരിയര്‍ ഡിസൈനിങ്ങ് അമാല്‍ ചെയ്തതും വാര്‍ത്തയായിരുന്നു. വരയ്ക്കാന്‍ ഏറെ ഇഷ്ടമുള്ള അമാല്‍ ഒരിക്കല്‍ ദുല്‍ഖറിന്റെ ചിത്രം വരച്ചത് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.






