
ജൂണ്‍ മാസത്തിലാണ് ഹോണ്ട എലിവേറ്റിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. എലിവേറ്റിന്റെ വില പ്രഖ്യാപിച്ചിരിയ്ക്കുകയാണ് ഇപ്പോള്‍ ഹോണ്ട. പുതിയ എസ്യുവി വാങ്ങാന്‍ ഇന്ത്യയില്‍ മുടക്കേണ്ടി വരുന്നത് 11 ലക്ഷം രൂപയാണ്. എലിവേറ്റിന്റെ ടോപ്പ് എന്‍ഡ് വേരിയന്റുകള്‍ക്ക് 16 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. വേരിയന്റ് തിരിച്ചുള്ള വിലയിലേക്ക് നോക്കിയാല്‍ എലിവേറ്റ് SV പതിപ്പിന് 11 ലക്ഷം രൂപയും V മാനുവലിന് 12.11 ലക്ഷവും VX മാനുവലിന് 13.50 ലക്ഷവും ZX മാനുവലിന് 14.90 ലക്ഷവുമാണ് എക്സ്ഷോറൂം വില വരുന്നത്. ഇനി ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് വന്നാല്‍ V ഓട്ടോമാറ്റിക്കിന് 13.21 ലക്ഷവും VX ഓട്ടോയ്ക്ക് 14.60 ലക്ഷം രൂപയും ZX ഓട്ടോമാറ്റിക്കിന് 16 ലക്ഷവുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.
ഹോണ്ടയുടെ പുതിയ മിഡ്-സൈസ് എസ്യുവിക്ക് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് മാത്രമേ ലഭിക്കൂ. സിറ്റി സെഡാനില്‍ കാണുന്ന അതേ നാച്ചുറലി ആസ്പിറേറ്റഡ് 4-സിലിണ്ടര്‍ ഹൃദയത്തിന് 119 bhp കരുത്തില്‍ പരമാവധി 145 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 6-സ്പീഡ് മാനുവല്‍, അല്ലെങ്കില്‍ 7-സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ഓപ്ഷനുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഭാവിയില്‍ എലിവേറ്റിന്റെ ഇലക്ട്രിക് പതിപ്പ് ഉണ്ടാകുമെന്ന് ഹോണ്ട വെളിപ്പെടുത്തിയിട്ടുണ്ട്.
4,312 mm നീളവും 1,790 mm വീതിയും 1,650 mm ഉയരവും 2,650 mm വീല്‍ബേസും 220 mm ഗ്രൗണ്ട് ക്ലിയറന്‍സും 458 ലിറ്റര്‍ ബൂട്ട് സ്പേസുമാണ് പുതിയ എലിവേറ്റില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൊളിഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിംഗ് സിസ്റ്റം, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, റോഡ് ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളുള്ള ADAS സ്യൂട്ടും ഹോണ്ട എലിവേറ്റില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.






