
ആരാധകര്‍ക്ക് ഏറെ ഞെട്ടലുണ്ടാക്കിയ ഒരു വാര്‍ത്തയായിരുന്നു കൊല്ലം സുധിയുടെ വേര്‍പാട്. കാറപകടത്തില്‍ സുധിയുടെ ജീവന് പൊലിഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്ന മിമിക്രി സിനിമാ താരങ്ങളായ ബിനു അടിമാലിക്കും മഹേഷ് കുഞ്ഞുമോനുമൊക്കെ സാരമായ പരിക്കുകള്‍ വന്നിരുന്നു. മുഖത്ത് അടക്കം സാരമായി പരിക്കേറ്റ മഹേഷ് കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയും മറ്റുമായി വിശ്രമത്തിലായിരുന്നു. ഇപ്പോഴിതാ എല്ലാവരെയും വിസ്മയിപ്പിച്ചും സന്തോഷിപ്പിച്ചും അനുകരണ കലയിലൂടെ ഒരു ഓണവിരുന്ന് നല്‍കിയിരിക്കുകയാണ് മഹേഷ്. പഴയതിനേക്കാള്‍ ഊര്‍ജത്തോടെയാണ് പുത്തൻ വീഡിയോ മഹേഷ് പങ്കിട്ടത്. ബോക്സ് ഓഫീസില്‍ വന്‍ കലക്ഷന്‍ നേടിയ രജിനികാന്ത് ചിത്രം ജയിലറുമായി ബന്ധപ്പെടുത്തിയിള്ള ഒരു വീഡിയോയാണ് താരം അപകടത്തിന് ശേഷമുള്ള തിരിച്ച് വരവില്‍ ആദ്യം പങ്കുവെച്ചത്. ജയിലറിലെ വില്ലന്‍ വേഷം അവതരിപ്പിച്ച വിനായകന്, ആറാട്ടണ്ണന് എന്ന പേരില്‍ അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി, നടന് ബാല, തമിഴ് നടന് വിടിവി ഗണേഷ് എന്നിവരെ അതിഗംഭീരമായി മഹേഷ് അനുകരിച്ചിരിക്കുന്നതായി വീഡിയോയില്‍ കാണാം. വീഡിയോ അതിവേഗത്തിലാണ് വൈറലായത്.
അപകടത്തില്‍ മഹേഷിന് വായിലെ മുന്‍നിരയിലെ അടക്കം പല്ലുകള്‍ നഷ്ടമായിരുന്നു. മുഖത്തെ എല്ലുകള്‍ക്കും കൈക്കും പൊട്ടലുണ്ടായിരുന്നു. മൂക്കിനേറ്റ ക്ഷതം ശബ്ദത്തേയും മാറ്റി മറിച്ചിരുന്നു. ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേഷമാണ് താരം വീട്ടിലെത്തിയത് പോലും. വീട്ടില്‍ വന്നശേഷം എങ്ങനെ എങ്കിലും വേഗത്തില്‍ സുഖം പ്രാപിച്ച് മിമിക്രി-ഡബ്ബിങ് ലോകത്തേക്ക് തിരിച്ച് വരണമെന്ന് മാത്രമാണ് മഹേഷ് നിരന്തരം ചിന്തിച്ചിരുന്നത്. അതിന്റെ ഫലമായാണ് താരം കലയുടെ ലോകത്തേക്ക് തിരിച്ചെത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മിമിക്രി ലോകത്തേക്ക് തിരിച്ചെത്തിയ മഹേഷിന്റെ വീഡിയോ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. കമന്റുകളില്‍ പോലും പ്രേക്ഷകരുടെയും ആരാധകരുടെയും സന്തോഷവും മഹേഷിനോടുള്ള സ്നേഹവും കാണാമായിരുന്നു. ഈ കഴിവ് ഒരു അപകടത്തിനും കൊണ്ട് പോകാൻ കഴിയില്ല... കമോണ്ട്രാ മഹേഷേ..., ഈ ഓണത്തിന് കിട്ടിയ ഓണ സമ്മാനം... മഹേഷിന്റെ തിരിച്ചുവരവ്... നിങ്ങള്‍ അടിപൊളി ആണ്. മിമിക്രിയെക്കാളും മഹേഷിനെ പഴയതുപോലെ കണ്ടപ്പോള്‍ സന്തോഷം തോന്നിയവരുണ്ടോ....? എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് ആരാധകര്‍ കുറിച്ചത്.






