
യുവതലമുറയിലെ ഗായകരെല്ലാം തന്നെ നല്ല ഒരു സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. അതില്‍ മുന്‍പന്തിയിലാണ് വിധു പ്രതാപും ജോത്സ്യനയും സിതാര കൃഷ്ണകുമാറും റിമി ടോമിയുമൊക്കെ. വിധുവിന്റെ ഭാര്യയും നര്‍ത്തകിയുമായ ദീപ്തിയും ഇവരോടൊക്കെ സുന്ദരമായ ഒരു അടുപ്പം സൂക്ഷിക്കുന്നുണ്ട്. ഇവരുടെ ജന്മദിനങ്ങളില് പരസ്പരം പങ്കിടാറുള്ള കുറിപ്പുകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകാറുണ്ട്. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ ഗായിക ജോത്സ്യനയുടെ ജന്മദിനത്തില് ഹൃദയത്തില്‍ ചാലിച്ച ഒരു രസകരമായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് വിധു പ്രതാപ്. ‘‘ഇതിൽ കാണുന്നത് ഞാൻ, ദീപ്തി, ആര്യ, സച്ചിൻ. പക്ഷെ ഈ കഥയിലെ നായിക ആ പിറകിൽ കൊടിമരം പോലെ നിൽക്കുന്ന എന്റെ ചങ്കാണ്. ഏത് കൂട്ടത്തിൽ ആയാലും അവൾ അങ്ങനെയാണ് ജ്വലിച്ചു തലയെടുപ്പോടെ അങ്ങനെ നിൽക്കും. ചക്കു... നിന്റെ ജന്മദിനത്തിൽ, നിനക്ക് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ജീവിതകാലം ആശംസിക്കുന്നു...’’ എന്നാണ് കൂട്ടുകാര്‍ക്കൊപ്പമുള്ള ചിത്രത്തിന്റെ കൂടെ വിധു പ്രതാപ് കുറിച്ചിരിക്കുന്നത്. ‘താങ്ക്യൂ സോ മച്ച് മൈ ഡിയര്‍ ചക്കു’ എന്ന് ജോത്സ്യനയും ഈ പോസ്റ്റിന് മറുപടി നല്‍കിയിട്ടുണ്ട്. ജോത്സ്യനയും വിധു പ്രതാപും ഏകദേശം ഒരേ സമയത്താണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇവര്‍ ഒരുമിച്ച് പാടിയ ‘സുഖമാണീ നിലാവ്...’ എന്ന പാട്ട് ഒരുകാലത്ത് തരംഗമായി മാറിയതാണ്.
ജ്യോത്സനയ്ക്ക് ആരാധകരടക്കം ഒരുപാട് പേർ ആശംസകൾ അറിയിക്കുന്നുണ്ട്. മെലഡിയും അടിച്ചുപൊളി പാട്ടുമെല്ലാം ഒരുപോലെ വഴങ്ങുന്ന ഗായികയാണ് ജ്യോത്സ്ന. മലയാളത്തിലെ ഏറ്റവും എനര്‍ജറ്റിക് ഗായികമാരില്‍ ഒരാളായാണ് ജ്യോത്സ്നയെ ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത്. നൂറ്റിമുപ്പതിലേറെ സിനിമ ഗാനങ്ങളും ഇരുന്നൂറിലധികം ആല്‍ബങ്ങളിലും ജ്യോത്സ്ന പാടിയിട്ടുണ്ട്. ഇതില്‍ പലതും സൂപ്പര്‍ ഹിറ്റുകളാണ്. നിലവില്‍ റിയാലിറ്റി ഷോ ജഡ്ജായി ടെലിവിഷനില്‍ സജീവമാണ് താരം.






