
ഷാരൂഖ് ഖാനെ കേന്ദ്രകഥാപാത്രമാക്കി അറ്റ്ലി സംവിധാനം ചെയ്ത ജവാന് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ബോളിവുഡ് ഇതുവരെ കാണാത്ത ഷാറൂഖ് ഖാന്റെ മാസ് മസാല ചിത്രമെന്നാണ് ജവാനെ കുറിച്ച് ആരാധകര്‍ പറയുന്നത്.
ചിത്രം വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ഷാരൂഖ് ഖാനേയും ജവാന് ടീമിനേയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടായിരുന്നു തന്റെ അഭിപ്രായം പങ്കുവെച്ചത്. ഷാരൂഖ് ഖാനെ ഇന്ത്യന്‍ സിനിമയുടെ ദൈവമെന്നാണ് കങ്കണ വിശേഷിപ്പിച്ചിരിക്കുന്നത്. കൂടാതെ നടനെ പരിഹസിച്ചവരേയും വിമര്‍ശിച്ചവരേയും കങ്കണ ഓര്‍ക്കുന്നു.
'തൊണ്ണൂറുകളില്‍ കാമുകനായി എത്തി, ആരാധകരുമായി ബന്ധം നിലനിര്‍ത്തികൊണ്ട് നീണ്ട പോരാട്ടത്തിലൂടെ ഇന്ത്യയുടെ മാസ് ഹീറോയായി ഉയര്‍ന്നു. ഇതൊരു ചെറിയ കാര്യമല്ല. യഥാര്‍ഥ ജീവിതത്തിലും അദ്ദേഹം സൂപ്പര്‍ ഹീറോയാണ്. ഒരു സമയത്ത് ആളുകള്‍ അദ്ദേഹത്തെ എഴുതിത്തള്ളുകയും സിനിമ തെരഞ്ഞെടുപ്പിനെ പരിഹസിക്കുകയും ചെയ്തു. ഇന്ന് ഞാനത് ഓര്‍ക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പോരാട്ടവും പരിശ്രമവും കലാകാരന്മാര്ക്കും കലയെ ആസ്വദിക്കുന്നവര്‍ക്കും മാസ്റ്റര്‍ ക്ലാസാണ്. ഷാരൂഖ് സിനിമ ദൈവമാണ്. നിങ്ങളുടെ സ്ഥിരോത്സാഹത്തിനും കഠിനാധ്വാനത്തിനും വിനയത്തിനു മുന്നില്‍ വണങ്ങുന്നു. ജവാന്റെ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും അഭിനന്ദനം- കങ്കണ കുറിച്ചു.
നയന്‍താരയാണ് ജവാനില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത്. ആറ്റ്ലിയുടെയും നയന്‍താരയുടെയും ആദ്യ ബോളിവുഡ് ചിത്രമാണിത്. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. ചിത്രത്തില്‍ ദീപിക പദുകോണും കാമിയോ റോളില്‍ എത്തുന്നുണ്ട്. സഞ്ജയ് ദത്തും ചിത്രത്തില്‍ നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.






