
ആണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ പെണ്‍കുട്ടികള്‍ ധരിക്കുന്നത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ പെണ്‍കുട്ടികളുടെ ഡ്രസ്സ് ആണ്‍കുട്ടികള്‍ ധരിച്ചാല്‍ എന്തായിരിക്കും അവസ്ഥ. അതും സ്കൂളില്‍ എത്തിയാല്‍ പിന്നെ പറയണ്ടല്ലോ?. എന്നാല്‍ ഇപ്പോഴിതാ ഒരു 15 -കാരന് സ്കൂള്‍ യൂണിഫോമായി മിനി സ്കേര്‍ട്ട് ധരിച്ച് പോയതിന് വലിയ സ്വീകരണം ലഭിക്കുകയാണ്. ജോ സ്ട്രാറ്റണ് എന്ന വിദ്യാര്‍ത്ഥിയാണ് സ്കൂളിലേക്ക് പെണ്‍കുട്ടികള്‍ സാധാരണയായി ധരിച്ച് എത്താറുള്ള പാവാടയും ഷര്‍ട്ടും ധരിച്ച് എത്തിയത്.
സറേയിലാണ് ഈ വ്യത്യസ്തമായ സംഭവം അരങ്ങേറിയിരിക്കുന്നത്. സെപ്തംബറില്‍ കടുത്ത ചൂടാണ് ഇവിടെ. കഠിനമായ ചൂടിനെ തുടര്‍ന്ന് സ്കൂളുകളുടെ യൂണിഫോമിലും വ്യത്യാസം വരും. നീണ്ട കാലം തുടരുന്ന ഈ ചൂടുകാലത്ത് അതിന് അനുയോജ്യമായ തരത്തിലാണ് യൂണിഫോമില്‍ സ്കൂളുകള്‍ മാറ്റം വരുത്തുന്നത്. അതുപോലെ ജോ പഠിക്കുന്ന സ്കൂളിലും മാറ്റം വരുത്തി. എന്നാല്‍, രണ്ട് തരത്തിലുള്ള വസ്ത്രങ്ങളായിരുന്നു അനുവദനീയം. ഒന്നുകില്‍ ട്രൗസറും ഷര്‍ട്ടും ആയിരിക്കണം അല്ലെങ്കില്‍ സ്കര്‍ട്ടും ഷര്‍ട്ടും ആയിരിക്കണം. ഷോര്‍ട്ട്സ് അവിടെ അനുവദനീയമായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ജോ ചെറിയ പാവാടയും ഷര്‍ട്ടുമായി സ്കൂളില്‍ എത്തിയത്.
ഇതെല്ലാം കണ്ടതോടെ വ്യത്യസ്തമായ പ്രതികരണമാണ് സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഈ വേഷത്തില്‍ എത്തിയ അവനെ ആരും പരിഹസിച്ചില്ല. മറിച്ച്, ലെജന്റ് എന്നാണ് അവനെ എല്ലാവരും വിശേഷിപ്പിച്ചത്. സ്കൂളില്‍ അധ്യാപകരോ മറ്റ് വിദ്യാര്‍ത്ഥികളോ തന്നെ കളിയാക്കുകയോ വിമര്‍ശിക്കുകയോ ചെയ്തില്ല എന്നും ജോ പറയുന്നു. പലരും തന്റെ വസ്ത്രത്തില്‍ എന്തെങ്കിലും പ്രത്യേകതയുണ്ട് എന്നത് പോലും കാര്യമാക്കിയില്ല എന്നും അവന് പറഞ്ഞു. അതേസയമം, തന്റെ മകന് ഒരു ലെജന്റ് ആണ് എന്നും അവനെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നു എന്നുമാണ് ജോയുടെ നടപടിയെ കുറിച്ച് അവന്റെ അച്ഛന്റെ പ്രതികരണം.






