
ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്നോരോപിച്ച് ബോളിവുഡ് താരം കരീന കപൂറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. ദേശീയ ഗാനം ചൊല്ലുമ്പോള്‍ അശ്രദ്ധയോടെ നില്‍ക്കുന്നുവെന്നാണ് ആരോപണം. സമൂഹ മാധ്യമങ്ങളില്‍ കരീനയുടെ വീഡിയോ പ്രചാരം നേടുന്നുണ്ട്. ദേശീയ ഗാനം ആലപിക്കുമ്പോഴും അഭിനയിക്കുകയാണോ എന്നാണ് വിമര്‍ശനം.സംഭവം നടന്നത് കരീനയുടെ ആദ്യ ഒടിടി ചിത്രമായ 'ജാനെ ജാനി'ന്റെ പ്രൊമോഷന് പരിപാടിക്കിടെയായിരുന്നു.
ദേശീയ ഗാനം പരിപാടിക്കു മുന്‍പ് പ്രക്ഷേപണം ചെയ്തപ്പോള്‍ താരം കൂടെയുള്ളവര്‍ക്കൊപ്പം ആലപിച്ചു. എന്നാല്‍ അറ്റന്‍ഷനായി നില്ക്കേണ്ടതിന് പകരം കൈ കൂട്ടിപ്പിടിച്ച് അശ്രദ്ധയോടെയാണ് നിന്നതെന്നാണ് താരത്തിനെതിരെ ഉയരുന്ന വിമര്‍ശനം. വലിയ താരങ്ങള്‍ക്ക് ഇതൊന്നും അറിയാത്തത് കഷ്ടമാണെന്നും ചിലര്‍ പ്രതികരിച്ചു. കരീനയ്ക്ക് ദേശീയ ഗാനം ചൊല്ലാന്‍ പോലുമറിയില്ലെന്നും ഇവിടെയും അഭിനയിക്കുകയാണെന്നും ചിലര്‍ വിമര്‍ശിച്ചു.
എന്നാല്‍ മറ്റ് ചിലര്‍ താരത്തെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു. 'വീഡിയോയില്‍ മറ്റുള്ളവരും അശ്രദ്ധയോടെയാണ് നില്‍ക്കുന്നത്. എന്തുകൊണ്ട് അത് ശ്രദ്ധിക്കുന്നില്ല' എന്നും കമന്റുകളെത്തുന്നുണ്ട്.സൂജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ജാനെ ജാന്‍ നെറ്റ്ഫ്ളിക്സിലാണ് സംപ്രേണം ചെയ്യുന്നത്. ചിത്രത്തില്‍ കരീനക്ക് പുറമേവിജയ് വര്‍മ, ജയ്ദീപ് അഹ്ലാവത് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. പ്രശസ്ത ജാപ്പനീസ് എഴുത്തുകാരനായ കീഗോ ഹിഗാഷിനോയുടെ 'ഡിവോഷന്‍ ഓഫ് സസ്പെക്ട് എക്സ്' എന്ന കൃതിയുടെ ദൃശ്യാവിഷ്കാരമാണ് ജാനെ ജാന്‍.






