
സിനിമാ പ്രേക്ഷകരുടെ മനസില്‍ ശ്രദ്ധേയ വേഷങ്ങളിലൂടെ ഇടം പിടിച്ച നടിയാണ് ജെനീലിയ ദേശ്മുഖ്. മുംബൈക്കാരിയാണെങ്കിലും തെന്നിന്ത്യന്‍ സിനിമകളിലാണ് ജെനീലിയക്ക് കൂടുതല്‍ തിളങ്ങാന്‍ കഴിഞ്ഞത്. സന്തോഷ് സുബ്രമണ്യം, ഹാപ്പി തുടങ്ങിയ സിനിമകളില്‍ ജെനീലിയ തിളങ്ങി. വിവാഹശേഷമാണ് ജെനീലിയ അഭിനയ രംഗം വിട്ടത്. ബോളിവുഡ് നടന് റിതേഷ് ദേശ്മുഖിനെയാണ് നടി വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു.
രണ്ട് പേരും തുജെ മേരി കസം എന്ന സിനിമയിലൂടെയാണ് (2003) സിനിമാ രംഗത്ത് തുടക്കം കുറിക്കുന്നത്. അന്ന് മുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറി. 2012 ലായിരുന്നു വിവാഹം. 2014 ല്‍ ആദ്യത്തെ മകന് റിയാന്‍ ജനിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ മകന് രഹിലും ജനിച്ചു. കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നല്കിയ ജെനീലിയ ഏറെക്കാലം അഭിനയ രംഗത്ത് നിന്നും മാറി നിന്നു. അടുത്തിടെയാണ് നടി സിനിമകളിലേക്ക് തിരിച്ച് വന്നത്.
കഴിഞ്ഞ ദിവസമാണ് ജെനീലിയ മൂന്നാമതും ഗര്‍ഭിണിയാണെന്ന അഭ്യൂഹം വന്നത്. മുംബൈയില്‍ ഒരു ഫാഷന്‍ സ്റ്റോറിന്റെ ലോഞ്ചിനെത്തിയതായിരുന്നു ജെനീലിയയും റിതേഷും. ജെനീലിയുടെ വയര്‍ കണ്ടിട്ട് ഗര്‍ഭിണിയെ പോലെ തോന്നുന്നെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും കമന്റ് ചെയ്തു. നിമിഷ നേരം കൊണ്ട് ഈ ചര്‍ച്ചകള്‍ വാര്‍ത്താ പ്രാധാന്യം നേടിയതോടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് റിതേഷ് ദേശ്മുഖ്.
രണ്ടോ മൂന്നോ കുട്ടികള്‍ ഉണ്ടാകുന്നതില്‍ കുഴപ്പമില്ലെന്നും എന്നാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും റിതേഷ് ദേശ്മുഖ് വ്യക്തമാക്കി. 34 കാരിയായ ജെനീലിയ കുടുംബ ജീവിതത്തിനൊപ്പം ഇന്ന് കരിയറിനായും സമയം കണ്ടെത്താനുള്ള ശ്രമത്തിലാണ്.
റിതേഷിനാെപ്പമുള്ള വിവാഹ ജീവിതത്തെക്കുറിച്ച് അടുത്തിടെ ജെനീലിയ സംസാരിച്ചിരുന്നു. പരസ്പരം ബഹുമാനം നല്കുന്ന ബന്ധമാണ് ഞങ്ങളുടേത്. വിവാഹത്തിന് ശേഷം ഞാന്‍ സിനിമാ രംഗത്ത് നിന്നും ഇടവേളയെടുത്തപ്പോള്‍ റിതേഷ് ആവശ്യപ്പെട്ടിട്ടായിരിക്കും അഭിനയം നിര്‍ത്തിയതെന്ന് പലരും പറഞ്ഞു. പക്ഷെ തന്നെ അഭിനയ രംഗത്തേക്ക് തിരിച്ച് വരാന്‍ പ്രോത്സാഹിപ്പിച്ചത് ഭര്‍ത്താവാണെന്ന് ജെനീലിയ വ്യക്തമാക്കി.






