
പോർച്ചുഗലിലെ റോഡുകള്‍ വൈൻ പുഴ പോലെ നിറഞ്ഞ് ഒഴുകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
പ്രദേശത്തെ വൈൻ നിർമ്മാതാക്കളായ ലെവിറ ഡിസ്റ്റിലറിയുടെ ഉടമസ്ഥതയിലുള്ള രണ്ട് കണ്ടെയിനറുകൾ രണ്ട് മില്ല്യൺ ലിറ്റർ വൈനുമായി വരികയായിരുന്നു. ഇത് തകർന്നതിനെ തുടർന്നാണ് റോഡിലെങ്ങും വൈൻ നിറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സാവോ ലോറെൻകോ ഡോ ബെയ്റോ പട്ടണവും അതിന്റെ തെരുവുകളുമാണ് വൈനിന്റെ ചുവപ്പ് നിറത്തിൽ മുങ്ങിയത്.
നാട്ടുകാർ ഇത്തരത്തിലൊരു കാഴ്ച കണ്ട് ഞെട്ടിപ്പോയി. ഇത്തരത്തില്‍ തന്നെയായിരുന്നു വീഡിയോ കണ്ടവരുടെയും അവസ്ഥ. വൈൻ കുത്തനെ വളവുള്ള റോഡിലൂടെയാണ് ഒഴുകുന്നത്.
ഒടുവിൽ സംഭവം ഗൗരവമുള്ളതാണ് എന്ന് കണ്ട് പ്രാദേശിക അധികാരികൾക്ക് പരിസ്ഥിതി ജാഗ്രതാ നിർദ്ദേശം നൽകേണ്ടി വന്നു. അടുത്തുള്ള സെർട്ടിമ നദിയെ വൈൻ ഒഴുകിയെത്തി മലിനമാക്കുന്നത് തടയാൻ വേണ്ടി വൈൻ വഴിതിരിച്ചുവിടുകയും ചെയ്തു . പിന്നാലെ, അനാദിയ ഫയർ ഡിപ്പാർട്ട്മെന്റ് ഇടപെട്ട് റോഡ് ബ്ലോക്ക് ചെയ്യുകയും സമീപത്തെ വയലിലേക്ക് വൈൻ തിരിച്ചുവിടുകയും ചെയ്യുകയായിരുന്നു .
അപ്രതീക്ഷിതമായി വൈൻ ഒഴുകിയെത്തിയതിന് പിന്നാലെ അടുത്തുള്ള ഒരു വീട്ടിലെ ബേസ്മെന്റിൽ വൈൻ നിറഞ്ഞതായി പിന്നീട് അഗ്നിരക്ഷാസേന കണ്ടെത്തി.






