
അശ്ലീല വീഡിയോ സ്വകാര്യ ഫോണിൽ കാണുന്നത് നിയമപരമായി തെറ്റെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. എന്നാല്‍ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. യുവാവിനെതിരെ പൊതുസ്ഥലത്ത് നിന്ന് അശ്ലീല വീഡിയോ കണ്ടതിന് ആലുവ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ പരാമർശം.
ഇത്തരം വീഡിയോകൾ ഡിജിറ്റൽ യുഗത്തിൽ ലഭിക്കാൻ പ്രയാസമില്ല. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരു വിരൽതുമ്പിൽ ഇത്തരം വീഡിയോകൾ ലഭ്യമാകും. എന്നാൽ ചെറിയ കുട്ടികൾ ഇത്തരം വീഡിയോകൾ നിരന്തരം കാണുകയും ഇതിന് അടിമപ്പെടുകയും ചെയ്യുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വിധിന്യായത്തിൽ പറഞ്ഞു. 2016 ജൂലൈ മാസം ആലുവ പാലത്തിന് സമീപം മൊബൈൽ ഫോണിൽ അശ്ലില വീഡിയോ കണ്ടതിനാണ് ആലുവ പോലീസ് കറുകുറ്റി സ്വദേശിയായ 27 കാരനെതിരെ കേസെടുത്തത്. ഹൈക്കോടതി ഈ കേസിൽ കോടതിയിലുള്ള എല്ലാ തുടർന്നടപടികളും റദ്ദാക്കിയിട്ടുണ്ട്.






