
പാനീയങ്ങള്‍ ഇഷ്ടമുള്ള ആളുകള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് വീഞ്ഞ് അഥവാ വൈന്‍. നല്ല രുചിയും വീര്യവും ഉള്ള വീഞ്ഞ് കുടിക്കണമെങ്കില്‍ കുറഞ്ഞത് ഒരു അഞ്ചാറ് കൊല്ലമെങ്കിലും കാത്തിരിക്കണം. എന്നാല്‍ ഇന്നത്തെ കാലത്ത് കടകളില്‍ സുലഭമായതുകൊണ്ട് തന്നെ ആഗ്രഹിക്കുന്ന സമയത്ത് വൈന്‍ നമ്മുടെ കൈകളില്‍ എത്തും. എന്നാല്‍ ഇനി അല്പം വിചിത്രമായൊരു കാര്യമാണ് പറയാന്‍ പോകുന്നത്. ഒരു ദിവസം നമ്മുടെ റോഡുകള്‍ നിറഞ്ഞ് ഒരു വൈന്‍ പുഴ ഒഴുകിയാലോ? എന്തായിരിക്കും അവസ്ഥ. വിശ്വസിക്കാന്‍ അല്പം പ്രയാസമാണെങ്കിലും സംഭവം വാസ്തവമാണ്. പോര്‍ച്ചുഗലിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയിരിക്കുന്നത്. പത്താം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
പോര്‍ച്ചുഗലിലെ ഒരു പ്രദേശത്തെ വൈന്‍ നിര്‍മ്മാതാക്കളായ ലെവിറ ഡിസ്റ്റിലറിയുടെ ഉടമസ്ഥതയിലുള്ള രണ്ട് കണ്ടെയിനറുകള്‍ രണ്ട് മില്ല്യണ്‍ ലിറ്റര്‍ വൈനുമായി വരികയായിരുന്നു. യാത്രയ്ക്കിടയില്‍ ഇത് തകര്‍ന്നതിനെ തുടര്‍ന്നാണ് റോഡിലെങ്ങും വൈന്‍ നിറഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സാവോ ലോന്റെകോഡോ ബെയ്റോ പട്ടണവും അതിന്റെ തെരുവുകളുമാണ് വൈനിന്റെ ചുവപ്പ് നിറത്തില്‍ മുങ്ങിയത്. ഇതുവരെ അങ്ങനെ ഒരു കാഴ്ച കാണാത്ത നാട്ടുകാര്‍ ഈ കാഴ്ച കണ്ട് ഞെട്ടിപ്പോയി. അതുപോലെ തന്നെ ആയിരുന്നു വീഡിയോ കണ്ട നെറ്റിസണ്‍സിന്റെ അവസ്ഥയും. കുത്തനെ വളവൊക്കെയുള്ള റോഡിലൂടെയാണ് വൈന്‍ ഒഴുകുന്നത്.
എന്നാല്‍ സംഭവം അല്പം ഗൗരവമുള്ളതാണെന്ന് കണ്ട് പ്രാദേശിക അധികാരികള്‍ക്ക് പരിസ്ഥിതി ജാഗ്രതാ നിര്‍ദ്ദേശം നല്‍കേണ്ടി വന്നു. അടുത്തുള്ള സെര്‍ട്ടിമ നദിയെ വൈന്‍ ഒഴുകിയെത്തി മലിനമാക്കുന്നത് തടയാന്‍ വേണ്ടി വൈന്‍ വഴിതിരിച്ചുവിടാനും അവര്‍ പിന്നീട് നിര്‍ബന്ധിതരായി. പിന്നാലെ, അനാദിയ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഇടപെട്ട് റോഡ് ബ്ലോക്ക് ചെയ്യുകയും സമീപത്തെ വയലിലേക്ക് വൈന്‍ തിരിച്ചുവിടുകയും ചെയ്യുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായി വൈന്‍ ഒഴുകിയെത്തിയതിന് പിന്നാലെ അടുത്തുള്ള ഒരു വീട്ടിലെ ബേസ്മെന്റില്‍ വൈന്‍ നിറഞ്ഞതായി പിന്നീട് അഗ്നിരക്ഷാസേന കണ്ടെത്തി.






