
രജനികാന്ത് നായകനായെത്തിയ നെല്സന് ചിത്രം ജയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. തിയേറ്ററില്‍ വമ്പന്‍ കളക്ഷന്‍ നേടിയ ചിത്രം ഈയടുത്ത് ഒടിടിയിലും എത്തിയിരുന്നു. മുത്തുവേല്‍ പാണ്ഡ്യന് എന്ന ജയിലറുടെ വേഷത്തിലാണ് രജനികാന്ത് ചിത്രത്തിലെത്തിയത്.
ഇപ്പോഴിതാ തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ടൈഗര്‍ മുത്തുവേലിന്റെ ട്രാന്‍സ്ഫോമേഷന്‍ രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ ചില മാസ് രംഗങ്ങള്‍ വീഡിയോയില്‍ കാണാം. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതമാണ് വീഡിയോയുടെ ഹൈലൈറ്റ്.
സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന് നിര്‍മിക്കുന്ന ജയിലര്‍ ഓഗസ്റ്റ് 10 നാണ് തിയേറ്ററുകളില്‍ എത്തിയത്. മോഹന്‍ലാല്‍ രജനീകാന്തിനൊപ്പം ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണിത്. രജനിയുടെ 169 ാം ചിത്രം കൂടിയാണിത്. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം ഒടിടിയിലെത്തിയത്. 600 കോടിയിലധികമാണ് ചിത്രം തിയേറ്ററില്‍ നിന്ന് നേടിയത്.






