
പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാത്തവരായി അധികമാരും കാണില്ല. തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ ഒഴിവു സമയങ്ങള്‍ പ്രകൃതി ഭംഗി ആസ്വദിക്കാനും സ്വസ്ഥമായ സ്ഥലങ്ങളില്‍ പോയി സമയം ചെലവഴിക്കാനുമാണ് കൂടുതല്‍ ആളുകളും ശ്രമിക്കുന്നത്. ശാന്തമായ ഇത്തരം ഇടങ്ങള്‍ മനസ്സിനും ശരീരത്തിനും ഒരുപോലെ സുഖം പകരുന്നുണ്ട്. അതുകൊണ്ടാകണം ചിലപ്പോഴൊക്കെ നമുക്കെല്ലാവര്‍ക്കും ഈ ജോലിയൊക്കെ വിട്ട് പ്രകൃതിയൊക്കെയായി ഇടപഴകി ദൂരെ എവിടെയെങ്കിലും പോയി ജീവിച്ചാല്‍ കൊള്ളാമായിരുന്നു എന്ന് തോന്നുന്നത്. യുഎസ്സിലെ ന്യൂ ഇംഗ്ലണ്ടില്‍ നിന്നുള്ള അലി മേരി ബ്രൗണ്‍ എന്ന 25 -കാരി തന്റെ ഈ സ്വപ്നം പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ്.
രാവിലെ മുതല്‍ സന്ധ്യവരെയുള്ള തന്റെ വിരസമായ ജോലി ഉപേക്ഷിച്ച്, കാടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു ക്യാബിനിലെ ജീവിതശൈലിയാണ് അവള് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. യൂട്യൂബില്‍ മേരി സ്വന്തം ജീവിതരീതി വിവരിക്കുന്നു. നഗരജീവിതത്തില്‍ നിന്നും വിഭിന്നമായി നദിയില്‍ കുളിക്കുന്നതും ഭക്ഷണം തയ്യാറാക്കുന്നതും തുടങ്ങി അവളുടെ ശാന്തമായ ഒരു ജീവിതം അവിടെ കാണാം. മഞ്ഞുകാലത്ത് പോലും നദിയിലെ വെള്ളത്തിലൂടെയും പുറത്തെ തണുപ്പിലൂടെയും ഒക്കെ അവള് നടക്കുന്നത് ആ സാഹചര്യത്തോട് എത്ര ഇഴുകിയാണ് അവള് ജീവിക്കുന്നത് എന്ന് കാണിച്ചു തരുന്നു.
ഭക്ഷണത്തിന് വേണ്ടിയുള്ള പലതും അവള് തന്നെ നട്ടു വളര്‍ത്തുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. മറ്റ് ചില വീഡിയോകളില്‍, അവള് തന്റെ പൂന്തോട്ടം പരിപാലിക്കുന്നതാണ് കാണാന്‍ കഴിയുക. എന്നാല്‍, അവളുടെ ഏറ്റവും പുതിയ വീഡിയോകളില്‍ ഒന്നില്‍, അവള് കാട്ടിലെ തന്റെ വീടിന് ഫിനിഷിംഗ് ടച്ച് നല്‍കുന്നതാണ് കാണുന്നത്. അവളും അവളുടെ കാമുകന് കെയ്ല്‍ ഡെംപ്സിയും രണ്ടര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയതാണ് ഈ വീട്. കാട്ടിലെ ഈ ക്യാബിന് പണി നടക്കുന്ന സമയത്ത് ദമ്പതികള്‍ ക്യാബിനിലും പട്ടണത്തിലെ ഒരു അപ്പാര്ട്ട്മെന്റിനുമിടയില് മാറി മാറി താമസിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍, ക്യാബിന് പൂര്‍ണമായും സജ്ജീകരിക്കപ്പെട്ട് കഴിഞ്ഞു. വീഡിയോ കണ്ട് പലരും ഇത്തരം പ്രദേശങ്ങളില്‍ താമസിക്കണമെന്നുള്ള ആഗ്രഹമാണ് പ്രകടപ്പിക്കുന്നത്.






