
രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളികൾക്ക് ഇനി ശ്രീലങ്കയിലേക്ക് മടങ്ങാം. മദ്രാസ് ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച് കേന്ദ്രം നിലപാടറിയിക്കുകയായിരുന്നു. ശാന്തൻ, മുരുകൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവരെയാണ് ശ്രീലങ്കയിലേക്ക് തിരിച്ചയക്കുന്നത്. മുരുകന്റെ ഭാര്യ നളിനി നൽകിയ അപേക്ഷയിലാണ് മറുപടി. ഇവർ ജയിൽമോചിതരായ ശേഷവും ഇന്ത്യയിൽ തുടരുകയായിരുന്നു. നിലവിൽ 4 പേരും തിരുചിരപ്പള്ളിയിലെ പ്രത്യേക ക്യാംപിലാണ് .
കഴിഞ്ഞ വർഷം നവംബറിലാണ് രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന നളിനി അടക്കമുള്ള ആറ് പ്രതികളും ജയിൽ മോചിതരായത്. നളിനി, മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരെയാണ് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മോചിപ്പിച്ചത്. നളിനിയുടെ ഭർത്താവ് മുരുകൻ മറ്റു പ്രതികളായ ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവർ ശ്രീലങ്കൻ സ്വദേശികളാണ്.





