ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്ക് ദിക്കുകള്‍ കല്പിച്ചു നല്‍കിയിട്ടുണ്ട്. സൂര്യന് കിഴക്കുദിക്കും, ശനിക്ക് പടിഞ്ഞാറ് ദിക്കും, ബുധന്‍ വടക്ക് ദിക്കും, കുജന് തെക്കു ദിക്കുമാണല്ലോ. ശുക്രന് തെക്കുകിഴക്ക് ദിക്കും, രാഹുവിന് തെക്കു പടിഞ്ഞാറേ ദിക്കും, ചന്ദ്രന് വടക്ക് പടിഞ്ഞാറേ ദിക്കും-വ്യാഴത്തിന് വടക്കു കിഴക്കേ ദിക്കിന്റെയും ആധിപത്യമാണുള്ളത്.
ഗ്രഹങ്ങളുടെ ദിക്കിന്റെ അടിസ്ഥാനത്തില്‍ വിവാഹ വിഷയത്തില്‍ പെണ്‍കുട്ടികളുടെ ജാതകം പരിശോധിച്ചാല്‍ ഭര്ത്താവായിവരുന്ന പുരുഷന് ഏത് ദിക്കില്‍ നിന്നുള്ള ആളായിരിക്കാമെന്ന സൂചന കിട്ടുമെന്നും പറയുന്നു. അതുപോലെ പുരുഷജാതകം പരിശോധിച്ചാല്‍ പ്രതിശ്രുതവധു ഏത് ദിക്കില്‍ നിന്നുള്ളവളാണെന്നും കണ്ടുപിടിക്കാന്‍ പറ്റുമെന്നും പറയുന്നു.
പുരുഷന്റെ ജാതകത്തില്‍ 'ലഗ്നം' ചന്ദ്രന് നില്ക്കുന്ന രാശി എന്നിവിടങ്ങളില്‍ നിന്ന് ഏഴാമിടത്ത് നില്ക്കുന്ന ഗ്രഹത്തിന്റെയോ ഏഴാം ഭാവാധിപന്റെയോ, ഏഴാമിടത്തേക്ക് ദൃഷ്ടി ചെയ്യുന്ന ഗ്രഹത്തിന്റെയോ, ഏഴാം ഭാവാധിപന്റെ നവാംശകരാശി നാഥന്റെയോ ദിക്കില്‍ ജനിച്ച പെണ്കുട്ടിയാവും ഭാര്യയായി വരിക.
ഇതേപോലെ സ്ത്രീജാതകം നോക്കി ഭര്‍ത്താവിന്റെ ദിക്കും കണ്ടുപിടിക്കാം. അതുപോലെ തന്നെ ശുക്രന് നിലനില്‍ക്കുന്ന രാശി ശുക്രന്റെ നവാംശകരാശി ശുക്രന്റെ ഏഴാംരാശി ലഗ്നാല്‍ ഏഴാം ഭാവാധിപന്റെ നവാംശകരാശി ഇവയില്‍ ഏതെങ്കിലും ഒരു രാശിയുടെ ദിക്കില്‍ ജനിച്ച സ്ത്രീയും ഭാര്യയായി വരാം.
സ്ത്രീ ജാതകപ്രകാരം നോക്കുമ്പോള്‍ ഇതിലേതെങ്കിലും രാശിയുടെ ദിക്കില്‍ ജനിച്ച ആളാണ് ഭര്‍ത്താവായി വരിക.
ജാതകപ്രകാരം ഭാര്യാഭര്ത്താക്കന്മാരുടെ ദിക്ക് നിര്ണ്ണയിക്കാമെന്നതുപോലെ ഭാര്യാഭര്ത്താക്കന്മാരുടെ നക്ഷത്രം ഭാര്യാഭര്ത്താക്കന്മാരുടെ ലഗ്നം തുടങ്ങിയവയും വിശദമായ ജാതക പരിശോധനയിലൂടെ കണ്ടു പിടിക്കാമെന്നും ജ്യോതിഷപണ്ഡിത മതം.