
പ്രഖ്യാപന സമയം മുതല്‍ തന്നെ വന്‍ ഹൈപ്പ് കിട്ടിയ ചിത്രമാണ് വിജയ് നായകനാകുന്ന ' ലിയോ' . കമല്ഹാസന് നായകനായെത്തിയ വിക്രത്തിന്റെ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന നിലയിലും സിനിമ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് എന്ന എല്‍സിയുവിന്റെ ഭാഗമാണെന്നുള്ള സൂചനകളും ലിയോ കാണാന്‍ വിജയ് ഫാന്‍സിനെ മാത്രമല്ല മറ്റുള്ളവരെയും പ്രേരിപ്പിക്കുന്നു. ഒക്ടോബര്‍ 19ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ലിയോയ്ക്ക് വേണ്ടിയുളള കാത്തിരിപ്പിലാണ് ആരാധകര്‍.
ബോളിവുഡ് താരം സഞ്ജയ് ദത്ത്, അര്ജുന് സര്‍ജ, തൃഷ, പ്രിയ ആനന്ദ്, മലയാളി താരം മാത്യു തോമസ്, മിഷ്കിന്, ബാബു ആന്റണി, സംവിധായകന് ഗൗതം മേനോന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഇപ്പോഴിതാ ലിയോയുടെ സെറ്റില്‍ നിന്നുള്ള സംവിധായകനും നടനും നിര്‍മ്മാതാവുമായ ഗൗതം മേനോന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
നടന് ബാബു ആന്റണിക്കും മകന് ആര്‍തറിനും നടുവിലായി പോലീസ് യൂണിഫോമില്‍ നില്ക്കുന്ന ഗൗതം മേനോനെയാണ് ഫോട്ടോയില്‍ കാണുന്നത്. ആര്‍തര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്. മലയാള സിനിമയിലെ ഉയരക്കേമനായ ബാബു ആന്റണിയുടെ പൊക്കം മകന് ആര്‍തറിനും പകര്‍ന്നുകിട്ടിയെന്ന് ഫോട്ടോ കണ്ട ആരാധകര്‍ അഭിപ്രായപ്പെട്ടു.അതേസമയം ലിയോയില്‍ ഗൗതം മേനോന് ഒരു പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന സൂചനയും ഫോട്ടോയില്‍ നിന്ന് ലഭിക്കുന്നുണ്ട്.






