
ഇന്ത്യയുടെ ബഹിരാകാശ വിക്ഷേപണ കേന്ദ്രമായ സതീഷ് ധവാൻ സ്പേസ് സെന്റർ തീരശോഷണ ഭീഷണിയിൽ. പ്രദേശത്തെ നൂറ് മീറ്ററോളം തീരം മുപ്പത് വർഷത്തിനിടെ ബംഗാൾ ഉൾക്കടൽ എടുത്തു. ചന്ദ്രയാൻ ഉൾപ്പെടെ നിരവധി വിക്ഷേപണങ്ങൾ നടത്തിയ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് തീരശോഷണ ഭീഷണി നേരിടുന്നത്.
ഇതേ തുടര്‍ന്നാണ് ഗ്രോയിൻ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്. വെളളത്തിന്റെ ഒഴുക്ക് തടയാൻ മരം, കോൺക്രീറ്റ് തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിക്കുന്ന നീളമുള്ള ഭിത്തിയാണ് ഗ്രോയിൻ. ഇവിടെ 150 മീറ്റർ നീളത്തിൽ കല്ല് കൊണ്ടുള്ള അഞ്ച് ഗ്രോയിനുകളാണ് നിർമ്മിക്കുക. പദ്ധതിക്ക് ആന്ധ്രാപ്രദേശിലെ തീരദേശ പരിപാലന അതോറിറ്റി തത്ത്വത്തിൽ അംഗീകാരം നൽകിക്കഴിഞ്ഞു.
25 മീറ്ററോളം കടൽത്തീരം ഗ്രോയിൻ സ്ഥാപിക്കുന്നതിലൂടെ തിരിച്ചു പിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എസ്.ഡിഎസ് സി ഡയറക്ടർ എ രാജരാജൻ കുറഞ്ഞത് 60 വർഷത്തേക്കെങ്കിലും പ്രദേശത്ത് തീരശോഷണ ഭീഷണി ഉണ്ടാവില്ലെന്നാണ് കരുതുന്നുവെന്ന് വ്യക്തമാക്കി.






