
തൃശൂര്‍/ കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജില്ലയിലെ ആറ് സര്‍വീസ് സഹകരണ ബാങ്കുകളില്‍ ഇ.ഡി റെയ്ഡ്. തൃശൂര്‍, അയ്യന്തോള്‍, കുട്ടനെല്ലര്‍, അരനാട്ടുകര, പെരിങ്ങണ്ടൂര്‍, പാട്ടുരായ്ക്കല്‍ എന്നീ ബാങ്കുകളിലാണ് പരിശോധന.
തൃശുര് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ കണ്ണന്റെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. സിപിഎം സംസ്ഥാന സമിതിയംഗമായ കണ്ണന് കേരള ബാങ്ക് വൈസ് പ്രസിഡന്റുമാണ്. ബാങ്ക് തട്ടിപ്പില്‍ അറസ്റ്റിലായ സതീഷ്കുമാറുമായി ദീര്‍ഘകാലമായ ബന്ധമാണ് കണ്ണനുള്ളത്. സതീഷ്കുമാറിനേയും പി.പി കിരണിനെയും ചോദ്യം ചെയ്തതിലൂടെയാണ് സിപിഎമ്മിലെ മറ്റു നേതാക്കളിലേക്കും അന്വേഷണമെത്തുന്നത്.
സതീഷ്കുമാറിന്റെ രണ്ട് ബിനാമികളുടെ വീടുകളിലും കൊച്ചിയില്‍ കോമ്പാറയിലുള്ള വ്യവസായി ദീപക്കിന്റെ വീട്ടിലും റെയ്ഡ് നടക്കുകയാണ്.
തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികളുമായി ഇടപാടുളള ആധാരമെഴുത്ത് ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്.






