
മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രം ' മലൈക്കോട്ടൈ വാലിബന്' റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ജനുവരി 25ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ പോസ്റ്ററിനൊപ്പം റിലീസ് തിയതി പങ്കുവെച്ച് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ആറ് മാസത്തോളം സമയമെടുത്താണ് സിനിമയുടെ മുഴുവന്‍ ചിത്രീകരണവും പൂര്‍ത്തിയാക്കിയത്. നിലവില്‍ ചിത്രത്തിന്റെ എഡിറ്റിങ് ജോലികള്‍ പുരോഗമിക്കുകയാണ്. സിനിമയുടെ ഭൂരിഭാഗവും രാജസ്ഥാനില്‍ ചിത്രീകരിച്ച സിനിമയുടെ ഏതാനും ഭാഗങ്ങളുടെ ചിത്രീകരണം ചെന്നൈയില്‍ വെച്ചാണ് നടത്തിയത്. മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാല്‍ ഇരട്ട വേഷത്തിലെത്തുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രം ക്രിസ്മസ് റിലീസായി എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
മോഹന്‍ലാലിന് പുറമെ ഹരീഷ് പേരടിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നത്. സോണാലി കുല്‍ക്കര്‍ണി, മണികണ്ഠന് ആര് ആചാരി, ഡാനിഷ് സെയിട്ട്, കാത്ത, മനോജ് മോസസ്, സുചിത്ര നായര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
ജോണ്‍ ആന്‍ഡ് മേരി ക്രീയേറ്റീവ് സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ് സിനിമാസ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്, ആമേന്‍ മൂവി മൊണാസ്റ്ററി എന്നിവയുടെ ബാനറില്‍ ഷിബു ബേബി ജോണ്‍, മോഹന്‍ലാല്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിക്ക് വേണ്ടി പി.എസ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്.






