
കാലം പുരോഗതി കൈവരിച്ചതോടെ സാങ്കേതിക രംഗത്തും വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. നാനോ ടെക്നോളജിയുടെ മുന്നേറ്റത്തോടെ ഭാരമേറിയതും ഉപയോഗിക്കാന്‍ ബുദ്ധിമുട്ടേറിയതുമായ ഉപകരണങ്ങളുടെ കുഞ്ഞന്‍ രൂപങ്ങള്‍ നിര്‍മ്മിക്കപ്പെട്ട് തുടങ്ങി. ഇതോടെ ഏത് വലിയ വസ്തുവിനെയും കൈക്കുമ്പിളിനുള്ളില്‍ ഒതുക്കി പിടിക്കാന്‍ കഴിയുന്ന തരത്തില്‍ വികസിപ്പിച്ചെടുക്കാന്‍ നാനോ ടെക്നോളജിക്ക് കഴിയുന്നു. സാങ്കേതിക വിദ്യയുടെ ഈ 'ചെറുതാക്കല്‍ വിപ്ലവം' മനുഷ്യജീവിതത്തില്‍, പ്രത്യേകിച്ച് വൈദ്യശാസ്ത്ര രംഗത്ത്, ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. സമാനമായി കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ ശ്രദ്ധ ആകര്‍ഷിച്ചത് വെറും 0.575 x 0.575 വലിപ്പമുള്ള ഒരു ചെറിയ ക്യാമറയുടെ ചിത്രമാണ്.
ഒരു മണല്‍ത്തരിയുടെ അത്രമാത്രം വലിപ്പമുള്ള ഈ ക്യാമറ കണ്ട് നെറ്റീസണ്‍സ് ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. കാരണം, ഇത് മിനിയേച്ചറൈസേഷന്‍ ടെക്നോളജിയിലെ എടുത്ത് പറയേണ്ട പുരോഗതിയാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച യുഎസ് ആസ്ഥാനമായുള്ള ഒമ്നിവിഷന്‍ ടെക്നോളജീസ് നിര്‍മ്മിച്ച ഈ കുഞ്ഞന്‍ ക്യാമറ അറിയപ്പെടുന്നത് 'OV6948'എന്നാണ്. 0.575mm x 0.575mm വലിപ്പമുള്ള 'വാണിജ്യപരമായി ലഭ്യമായ ഏറ്റവും ചെറിയ ഇമേജ് സെന്‍സര്‍' എന്നതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഈ ക്യാമറയുടെ പേരിലാണ്. വൈദ്യശാസ്ത്രരംഗത്ത് വിപ്ലവകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ ഉപകരണത്തിലൂടെ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ആഴത്തിലുള്ള ശരീരഘടനാപരമായ പഠനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഓമ്നിവിഷന്‍ ഈ നൂതന മെഡിക്കല്‍ ഇമേജറുകള്‍ വികസിപ്പിച്ചെടുത്തത്. ഈ ഇമേജറുകള്ക്ക് പുനരുപയോഗിക്കാവുന്ന മെഡിക്കല്‍ ഇമേജിംഗ് ഉപകരണങ്ങള്‍ ഉയര്‍ത്തുന്ന നിരവധി വെല്ലുവിളികള്‍ നേരിടാന്‍ കഴിയും. OVM6948, ബാക്ക്സൈഡ് ഇലുമിനേഷനോട് കൂടിയ ഒരേയൊരു അള്‍ട്രാ-സ്മോള്‍ 'ചിപ്പ് ഓണ്‍ ടിപ്പ്' ക്യാമറയാണെന്നാണ് ഡവലപ്പര്‍മാര്‍ അവകാശപ്പെടുന്നത്, ഇത് മികച്ച ഇമേജ് നിലവാരവും മെച്ചപ്പെട്ട സംവേദനക്ഷമതയും ഉറപ്പു നല്കുന്നു എന്നും ഇവര്‍ വ്യക്തമാക്കി.






