
അക്രമശാലികളായ കൂറ്റന്‍ കടല്‍ മത്സ്യങ്ങളെ പേടിയില്ലാത്തവരായി ആരും കാണില്ല. കാരണം ബീച്ചില്‍ വിനോദത്തിനെത്തുന്നവര്ക്കിടയിലേക്ക് ഇവ എപ്പോഴാണ് കടന്നാക്രമണം നടത്തി ജീവന് അപഹരിക്കുന്നതെന്ന് പറയാന്‍ കഴിയില്ല. ഇത്തരം മത്സ്യങ്ങളില്‍ മുന്‍പന്തിയിലാണ് സ്രാവുകള്‍. ഇവയുടെ സാന്നിധ്യം ഉള്ള തീരത്തേക്ക് മനഃപൂര്‍വ്വം ആരും പോകാറില്ല. അഥവാ അപ്രതീക്ഷിതമായി ഇവയെ കണ്ടാല്‍ എത്രയും വേഗം തീരം വിടാനാണ് ഭൂരിഭാഗം ആളുകളും ശ്രമിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഫ്ലോഡിറയില് അരങ്ങേറിയത്. കരയ്ക്കടിഞ്ഞ് സ്രാവിനെ അതിസാഹസികമായി കടലിലേക്ക് തിരിച്ചടയ്ക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം വിനോദ സഞ്ചാരികളെയാണ് വീഡിയോയില്‍ കാണുന്നത്.
ബീച്ചിലെത്തിയ ടീന ഫെ എന്ന യുവതിയാണ് ഈ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പങ്കുവച്ചത്.
ഫ്ലോറിഡയിലെ പെന്‍സകോള ബീച്ചിലാണ് സംഭവം. ബീച്ചില്‍ കുളിക്കാനായി സഞ്ചാരികളെത്തിയപ്പോള്‍ കടലില്‍ നിന്നും കരയിലേക്ക് അപ്രതീക്ഷിതമായി ഒരു കൂറ്റന്‍ സ്രാവ് കയറിവരുകയായിരുന്നു. തീരത്ത് ഏറെ വിനോദ സഞ്ചാരികള്‍ നില്‍ക്കുമ്പോഴായിരുന്നു തീരവും കടന്നുള്ള സ്രാവിന്റെ വരവ്. ആദ്യം ഭയന്ന് പോയവര്‍ പിന്നാലെ സ്രാവിന്റെ ജീവന് രക്ഷിക്കാനായി ഒത്തുകൂടി. ടീനയും ഭര്‍ത്താവും തീരത്തെത്തിയപ്പോഴായിരുന്നു സ്രാവും തീരത്തടിഞ്ഞത്. പിന്നാലെ തീരത്തുണ്ടായിരുന്ന ചിലര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. ടീനയുടെ ഭര്‍ത്താവും ഒപ്പം കൂടി. സ്രാവിന്റെ വാലില്‍ വലിച്ച് കടലിലേക്ക് തിരിച്ച് വിടാനായിരുന്നു ആദ്യ ശ്രമങ്ങള്‍. എന്നാല്‍ ഇതിനിടെ സ്രാവ് ശക്തമായി ഒന്ന് അനങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവര്‍ ഭയന്ന് പിന്മാറി. പിന്നാലെ സ്രാവ് മൂന്നാല് തവണ വാല് ശക്തിയായി അടിച്ചു.
ഇതിനിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഒരാള്‍ കടലിലേക്ക് മറിഞ്ഞു വീണു. പക്ഷേ, സ്രാവിന് കിടന്നിടത്ത് നിന്ന് അധികമൊന്നും അനങ്ങാന്‍ കഴിഞ്ഞില്ല. സ്രാവിന്റെ ഭയപ്പെടുത്തുന്ന രീതി കണ്ട് മറ്റുള്ള രക്ഷാപ്രവര്‍ത്തകര്‍ ഒന്ന് മടിച്ച് നിന്നപ്പോള്‍ ഒരു യുവാവ്, അതിന്റെ വാലില്‍ പിടിച്ച് കടലിലേക്ക് തിരിച്ച് വിടാന്‍ ശ്രമം തുടര്‍ന്നു. ഈ സമയമായപ്പോഴേക്കും സ്രാവ് കൂടുതല്‍ വെള്ളമുള്ള സ്ഥലത്തേക്ക് നീങ്ങിയിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ശ്രമം വിജയിച്ചു. ഏതാനും നിമിഷങ്ങള്‍ കൂടി സ്രാവിന്റെ വാലില്‍ പിടിച്ച് അതിനൊരു ബാലന്‍സ് വരുന്നത് വരെ യുവാവ് നിന്നു. പിന്നാലെ സ്രാവ് പതുക്കെ ഉള്‍ക്കടലിലേക്ക് നീങ്ങിത്തുടങ്ങി.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് ഈ അപൂര്‍വ്വ സംഭവത്തിന്റെ വീഡിയോ വൈറലായത്. തുടര്‍ന്ന് നിരവധി പേരാണ് കമന്റുമായി എത്തിയത്.
'മനുഷ്യത്വം മരിച്ചിട്ടില്ലെ'ന്ന് നിരവധി പേരാണ് കുറിപ്പെഴുതിയത്. വീഡിയോയ്ക്കിടെ അതിന്റെ പല്ലുകള്‍ നോക്കൂ എന്ന് ആരോ വിളിച്ച് പറയുന്നത് കേള്‍ക്കാം. അതുപോലെ നിരവധി നിര്‍ദ്ദേശങ്ങളും കരയില്‍ കാഴ്ച കണ്ട് നില്ക്കുന്നവരില് നിന്നും ഉയരുന്നു. സ്രാവിന്റെ അടുത്ത് നിന്നുള്ള കാഴ്ച ആരിലും ഭയമുണ്ടാക്കാന്‍ പോന്നതാണ്. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവര്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വലിയ അഭിനന്ദനമാണ് ലഭിച്ചത്.






