
ഒരു പ്രായം കഴിഞ്ഞാല് ജീവിതശൈലീ രോഗങ്ങളില് ജാഗ്രത പുലര്ത്തേണ്ടത് അത്യാവശ്യമായ കാര്യമാണ്. എന്നാല് പലരും ഇക്കാര്യത്തില് വിമുഖത പുലര്ത്തുകയാണ് ചെയ്യുന്നത്. ജീവിതശൈലീ രോഗങ്ങളില് പ്രധാനമാണ് രക്തസമ്മര്ദം. രക്തം ധമനികളുടെ ഭിത്തികളില് ചെലുത്തുന്ന മര്ദമാണ് രക്തസമ്മര്ദം. ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം എന്നിവയിലേക്ക് നയിക്കാന് ഉയര്ന്ന രക്തസമ്മര്ദത്തിന് സാധിക്കും. 120/80 mmHg ആണ് സാധാരണ രക്തസമ്മര്ദ തോത്. ഭക്ഷണത്തിലെ വ്യതിനായങ്ങള് മൂലം ചെറുപ്പക്കാരില് പോലും ഇന്ന് രക്തസമ്മര്ദം ഉയരുന്നുണ്ട്.
രക്തസമ്മര്ദം അത്ര നിസാരമല്ലെന്ന് കാണിയ്ക്കുന്ന റിപ്പോര്ട്ടാണ് ഇപ്പോള് ലോകാരോഗ്യസംഘടന പുറത്ത് വിട്ടിരിയ്ക്കുന്നത്. ഇന്ത്യയിലെ മരണങ്ങളില് 10.8 ശതമാനത്തിനും പിന്നില് രക്തസമ്മര്ദമാണ് കാരണമെന്ന് ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസര്ച്ച് പറയുന്നു. ഹൈപ്പര്ടെന്ഷന് രോഗികളുടെ(രക്തസമ്മര്ദ നില 140/90 mmHg നും അതിനു മുകളിലിലും ഉള്ളവരും രക്തസമ്മര്ദത്തിന് മരുന്നു കഴിക്കുന്നവരും) എണ്ണത്തില് വന്ന ക്രമാതീതമായ വര്ധനവിനേക്കുറിച്ചും റിപ്പോര്ട്ടില് പറയുന്നു.
രക്തസമ്മര്ദമുള്ള അഞ്ചില് നാലുപേര്ക്കും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും റിപ്പോര്ട്ടിലുണ്ട്. 1990-നും 2019-നും ഇടയില് 650 മില്യണില് നിന്ന് 1.3 ബില്യണ് എന്ന ഭീമമായ നിലയിലേക്കാണ് എത്തിയതെന്നും ലോകാരോഗ്യസംഘടന പറയുന്നു. ഹൈപ്പര്ടെന്ഷനുമായി ജീവിക്കുന്നവരില് പകുതിയോളവും തങ്ങളുടെ രോഗാവസ്ഥയേക്കുറിച്ച് തിരിച്ചറിയാത്തവരുമാണ്. പ്രായം കൂടുന്നതും ജനിതകഘടകങ്ങളും മാത്രമല്ല അമിതമായി ഉപ്പു കഴിക്കുന്ന ശീലവും വ്യായാമമില്ലായ്മയും അമിതമദ്യപാനവും പുകവലിയുമൊക്കെ ഹൈപ്പര്ടെന്ഷന് കൂട്ടുന്ന ഘടകങ്ങളാണെന്നും റിപ്പോര്ട്ടില് വ്യക്തമാക്കുന്നു.
അമിതമായ ചെലവില്ലാത്ത ലളിതമായ മരുന്നുകള് കൊണ്ട് ഫലപ്രദമായി ഹൈപ്പര്ടെന്ഷന് ചികിത്സ തേടാമെങ്കിലും അഞ്ചിലൊരാള് മാത്രമേ അതു നിയന്ത്രണവിധേയമാക്കുന്നുള്ളൂ എന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര് ഡോ. ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് പറയുന്നു. ഹൈപ്പര്ടെന്ഷന് ഫലപ്രദമായ ചികിത്സതേടുന്നവരുടെ എണ്ണം വര്ധിപ്പിക്കുക വഴി 2050-നുള്ളില് 76 ദശലക്ഷണം മരണങ്ങളും 120 ദശലക്ഷം പക്ഷാഘാതവും 79 ദശലക്ഷം ഹൃദയാഘാതവും 17 ദശലക്ഷം ഹൃദ്രോഗങ്ങളും തടയാനാകുമെന്നും അദ്ദേഹം പറയുന്നു.







Comments