
വിനോദ സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് സാഹസികത. ഇങ്ങനെയുള്ള ആളുകള്‍ സാഹസികത നിറഞ്ഞ ഏത് ശ്രമവും പരീക്ഷിക്കാറുണ്ട്. എന്നാല്‍ എല്ലായ്പ്പോഴും ഇത്തരം പരീക്ഷണങ്ങള്‍ വിജയിക്കാന്‍ കഴിഞ്ഞെന്നുവരില്ല. പലപ്പോഴും സാഹസിക യാത്രകള്‍ വലിയ അപകടങ്ങള്‍ വരുത്തിവയ്ക്കാറുണ്ട്. സമാനമായ ഒരു ദാരുണ സംഭവമാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. പ്രശസ്തമായ ഒരു ഓസ്ട്രേലിയന്‍ പര്വ്വതത്തിന് മുകളില്‍ കയറിയ യുവാവ് താഴേക്ക് വീണ് മരണമടഞ്ഞ വാര്‍ത്തയാണിത്.
ഓസ്ട്രേലിയന്‍ പര്‍വതത്തിന്റെ ഒരു ഭാഗത്ത് നിന്നും മറുഭാഗത്തേക്ക് ഗോവണിയിലൂടെ കയറുന്നതിനിടയിലാണ് 300 അടി ഗോവണിയില്‍ നിന്ന് താഴേക്ക് വീണ് ബ്രിട്ടീഷ് യുവാവ് മരിച്ചത്. ഓണ്‍ലൈനില്‍ വളരെ അധികം പ്രശസ്തമായ ഡാഷ്സ്റ്റൈന് പര്‍വതനിരകളിലെ ഗോവണിയുടെ അറ്റത്ത് നിന്നാണ് യുവാവ് വീണത്. ഗോവണി കുറച്ച് കയറുമ്പോള്‍ തന്നെ യുവാവിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു എന്ന് പറയപ്പെടുന്നു. പിന്നാലെ, ഇയാള്‍ താഴേക്ക് വീഴുകയായിരുന്നു. രണ്ട് ഹെലികോപ്റ്റര്‍ ജീവനക്കാര്‍ സ്ഥലത്തേക്ക് കുതിച്ചെത്തി. എങ്കിലും യുവാവിന്റെ ജീവന് രക്ഷിച്ചെടുക്കാന്‍ സാധിച്ചില്ല. പിന്നീട്, ആഴത്തില്‍ നിന്നും യുവാവിന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.
'സ്വര്‍ഗ്ഗത്തിലേക്കുള്ള ഗോവണി' എന്നും അപകടം നടന്ന ഈ പ്രദേശം അറിയപ്പെടാറുണ്ട്. എന്നാല്‍, സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം അതിമനോഹരം ആണെങ്കിലും കാണുമ്പോള്‍ ഭയം തോന്നുന്ന ഒന്നാണ് ഈ ഗോവണി. എന്നാല്‍, സാഹസികത ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് അവര്‍ക്ക് വളരെ അധികം പ്രിയമുള്ള ഒരിടമാണ് ഇത്. സാധാരണ സുരക്ഷയ്ക്കുള്ള എല്ലാ മുന്‍കരുതലും എടുത്താണ് ആളുകള്‍ ഇങ്ങോട്ട് വരാറുള്ളതും ഈ ഗോവണി കയറാറുള്ളതും.






