
നെല്‍സണ്‍ സംവിധാനം ചെയ്ത് തമിഴിന്റെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് കേന്ദ്രകഥാപാത്രമായി എത്തിയ ജയ്ലര്‍ തിയേറ്ററില്‍ തരംഗം സൃഷ്ടിച്ചതാണ്. സമീപകാലത്ത് തിയറ്ററുകളിലെത്തി വന്‍ വിജയം നേടിയ ജയിലര്‍ രണ്ടാഴ്ച കൊണ്ട് മാത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 520 കോടി കളക്ഷനാണ്. സിനിമയിലെ ഓരോ ആക്ഷന്‍ രംഗങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ മാത്രമല്ല, വാഹനങ്ങള്‍ ഉള്‍പ്പെട്ട നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ ഒരു രംഗത്തിന്റെ ബിടിഎസ് പുറത്തു വന്നിരിക്കുകയാണ്. ഈ ബിഹൈന്റ് ദ സീനില്‍ ലോറി കുത്തനെ മറിയുന്ന രംഗം കാണാം. ജയിലറിന്റെ ട്രെയിലറില്‍ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ രംഗങ്ങളിലൊന്നായിരുന്നു ഒരു പാലത്തിന് മുകളില്‍ ലോറി തലകുത്തനെ മറിയുന്ന ഈ രംഗം. എട്ട് ക്യാമറകളാണ് ഈ രംഗത്തിന്റെ ചിത്രീകരണത്തിനായി തയ്യാറാക്കി നിര്‍ത്തിയിരുന്നത്. ആക്ഷന്‍ കൊറിയോഗ്രാഫറായ സ്റ്റണ്ട് ശിവ ക്യാമറകള്‍ എല്ലാം ഓണ്‍ ആണോയെന്ന് വോക്കി ടോക്കിയിലൂടെ ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. എട്ട് ക്യാമറകളും പ്രവര്‍ത്തിക്കുന്നുവെന്ന ഛായാഗ്രാഹകന്‍ വിജയ് കാര്‍ത്തിക് കണ്ണന്റെ മറുപടിക്ക് ശേഷമാണ് ശിവ ട്രക്ക് ഫ്ലിപ്പ് നടത്തിയെടുക്കുന്നത്. വിജയ് കാര്‍ത്തിക് കണ്ണന് തന്നെയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
അടുത്തിടെയായി തിയേറ്ററുകളില്‍ തമിഴ് സിനിമകള്‍ക്ക് കിട്ടുന്ന ഹൈപ്പ് വളരെ വലുതാണ്. അതുകൊണ്ട് തന്നെ തമിഴകത്തിന്റെ മാര്‍ക്കറ്റ് തിരിച്ചറിഞ്ഞ് മികച്ച ബിഗ് സ്ക്രീന്‍ അനുഭവം പകരാന്‍ കാശെത്ര മുടക്കാനും ഇന്ന് നിര്‍മ്മാതാക്കള്‍ക്ക് മടിയില്ല. മുടക്കുന്നത് ഇരട്ടിയോ അതിലേറെയോ ആയി തിരിച്ചുകിട്ടുമെന്ന് കൃത്യമായി അവര്‍ക്കറിയാം. ജയിലര്‍ അടക്കുന്ന സിനിമകളിലെ മികച്ച ആക്ഷന്‍ രംഗങ്ങള്‍ അതിനുള്ള തെളിവാണ്.







Comments